ഓണ്‍ലൈന്‍ ഗെയിമിന് അടിപ്പെടുന്ന കുട്ടികള്‍ക്കായി ഡിജിറ്റല്‍ ഡി അഡിക്ഷന്‍ സെൻ്ററുകൾ

September 25, 2021
216
Views

തിരുവനന്തപുരം: ഓൺലൈൻ ഗെയിമിന് അടിപ്പെടുന്ന കുട്ടികളെ സമൂഹത്തിന്‍റെ പൊതുധാരയിലേയ്ക്ക് കൊണ്ടുവരുന്നതിന് പോലീസിന്‍റെ ആഭിമുഖ്യത്തില്‍ ഡിജിറ്റല്‍ ഡി-അഡിക്ഷന്‍ സെന്‍ററുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തിന്‍റെ പലഭാഗത്തായി പോലീസിനായി പണികഴിപ്പിച്ചതും നവീകരിച്ചതുമായ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. മൂവാറ്റുപുഴ പോലീസ് സ്റ്റേഷന്‍റെ പുതിയ കെട്ടിടവും അദ്ദേഹം നാടിന് സമര്‍പ്പിച്ചു.

സംസ്ഥാനത്തെ 20 പോലീസ് സ്റ്റേഷനുകള്‍ കൂടി ശിശുസൗഹൃദ സ്റ്റേഷനുകളായി. ഇതോടെ ശിശുസൗഹൃദ പോലീസ് സ്റ്റേഷനുകളുടെ എണ്ണം 126 ആയി. ഇതിന്‍റെ പ്രഖ്യാപനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു.

പോലീസിനായി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ കഴിഞ്ഞ അഞ്ച് വര്‍ഷംകൊണ്ട് മികച്ച നേട്ടമാണ് കൈവരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. വിരലില്‍ എണ്ണാവുന്ന പോലീസ് സ്റ്റേഷനുകള്‍ക്ക് മാത്രമാണ് സ്വന്തമായി കെട്ടിടം ഇല്ലാത്തത്. എത്രയും പെട്ടെന്നുതന്നെ ഇവയ്ക്കായി കെട്ടിടം നിര്‍മ്മിക്കും.

മാതൃകാപരമായ പ്രവര്‍ത്തനം വഴി ജനസേവനത്തിന്‍റെ പ്രത്യേക മുഖം ആകാന്‍ പോലീസിന് കഴിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളെ സേവിക്കുന്നതില്‍ മറ്റാരെക്കാളും തങ്ങള്‍ മുന്നിലാണെന്ന് അനുഭവത്തിലൂടെ തെളിയിക്കാൻ പോലീസ് സേനയ്ക്ക് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

പൂജപ്പുര, വിഴിഞ്ഞം, കോട്ടയം ഈസ്റ്റ്, കുമരകം, കുറവിലങ്ങാട്, ഗാന്ധിനഗര്‍, കറുകച്ചാല്‍, തൃശൂര്‍ വെസ്റ്റ്, പേരാമംഗലം, മണ്ണുത്തി, തൃശൂര്‍ സിറ്റി വനിതാ പോലീസ് സ്റ്റേഷന്‍, കൊടുങ്ങല്ലൂര്‍, തിരൂര്‍, ഉളിക്കല്‍, ആറളം, കുമ്പള, വിദ്യാനഗര്‍, അമ്പലത്തറ, ബേഡകം, ബേക്കല്‍ എന്നീ പോലീസ് സ്റ്റേഷനുകളിലാണ് പുതുതായി ശിശുസൗഹൃദ കേന്ദ്രങ്ങള്‍ തുറന്നത്. പൊന്‍മുടിയിലെ പോലീസ് സഹായ കേന്ദ്രവും ഇരിങ്ങാലക്കുടയിലെ ജില്ലാ ഫോറന്‍സിക് ലബോറട്ടറിയും മലപ്പുറം എ.ആര്‍ ക്യാമ്പ്, കോഴിക്കോട് സിറ്റി എന്നിവിടങ്ങളിലെ ജില്ലാ പരിശീലന കേന്ദ്രവും ഇന്ന് പ്രവര്‍ത്തനക്ഷമമായി. കാടാമ്പുഴയിലും വടകര വനിതാസെല്ലിലും വിശ്രമകേന്ദ്രങ്ങളും പേരാമ്പ്ര പോലീസ് സ്റ്റേഷന്‍ പരിസരത്ത് ഡോഗ് സ്ക്വാഡ് കെന്നലും മൂന്നാറില്‍ നവീകരിച്ച കണ്‍ട്രോള്‍ റൂം സംവിധാനവും നിലവില്‍ വന്നു. കാസര്‍ഗോഡ്, ചീമേനി, ബദിയടുക്ക, വിദ്യാനഗര്‍ പോലീസ് സ്റ്റേഷനുകളിലെയും കാസര്‍ഗോഡ് ഡിവൈ.എസ്.പി ഓഫീസിലെയും സന്ദര്‍ശകമുറികളും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. വനിതാ ബറ്റാലിയനിലെ മെസ് ബാരക്ക്, ആയുധപ്പുര, അംഗന്‍വാടി, റിക്രിയേഷന്‍ സെന്‍റര്‍ എന്നിവയും അരീക്കോട് സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പിലെ വനിതാ ബാരക്കും കേരളാ പോലീസ് അക്കാഡമിയിലെ വെറ്റിനറി ക്ലിനിക്കുമാണ് പോലീസിന് ലഭിച്ച മറ്റ് കെട്ടിടങ്ങള്‍.

സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്, എ.ഡി.ജി.പി മാരായ വിജയ്.എസ്.സാഖ്റെ, മനോജ് എബ്രഹാം, പോലീസ് ആസ്ഥാനത്തെ ഡി.ഐ.ജി എസ്.ശ്യാംസുന്ദര്‍ എന്നിവരും മറ്റ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ഓണ്‍ലൈന്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. വിവിധ കേന്ദ്രങ്ങളില്‍ നടന്ന ചടങ്ങില്‍ മന്ത്രിമാരും എം.പിമാരും എം.എല്‍.എമാരും മറ്റ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *