തിരുവല്ല: തിരുവല്ല മഞ്ഞാടിയിൽ വാഹനാപകടത്തിൽ മുത്തശ്ശിയും കൊച്ചുമകനും മരിച്ചു. കോട്ടയം മാങ്ങാനം ചിറ്റേടത്ത് പറമ്പിൽ പൊന്നമ്മ (55), കൊച്ചുമകൻ കൃതാർഥ് (7) എന്നിവരാണ് മരിച്ചത്. അപകടം നടന്ന് ഒരു മണിക്കൂറിന് ശേഷം കൃതാർഥും ഇന്ന് രാവിലെ പൊന്നമ്മയും മരണപ്പെടുകയായിരുന്നു.
വ്യാഴാഴ്ച അർധരാത്രി മാങ്ങാനം സ്വദേശി രമേശനും അദ്ദേഹത്തിൻറെ കുടുംബവുമാണ് അപകടത്തിൽപ്പെട്ടത്. വിദേശത്ത് പോകുന്ന മകളെ സന്ദർശിച്ച ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഏഴംഗ സംഘം. രമേശൻ, മക്കളായ ശ്രീകുട്ടി, ശ്രീകുട്ടിയുടെ മക്കളായ കീർത്തന (10), അശ്വ (രണ്ട് വയസ്), സുനി എന്നിവരാണ് വാഹനത്തിൽ യാത്ര ചെയ്ത മറ്റുള്ളവർ.
പരിക്കേറ്റ ശ്രീകുട്ടിയെ ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി മെഡിക്കൽ കോളജിലേക്കും മാറ്റി. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള സുനിയെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റും. മറ്റുള്ളവർ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലാണുള്ളത്. അശ്വ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോ ടാക്സി എതിരെ വന്ന വാഹനത്തിൻറെ വെളിച്ചത്തിൽ നിയന്ത്രണംവിട്ട് മറിഞ്ഞ് കാറിൽ ഇടിക്കുകയായിരുന്നു. കാർ ഡ്രൈവർ പ്രഥമ പരിശോധനക്ക് ശേഷം ആശുപത്രിവിട്ടു.