കൊച്ചി: നടി അമ്പിളി ദേവി നല്‍കിയ ഗാര്‍ഹിക പീഡന പരാതിയില്‍ ഭര്‍ത്താവും നടനുമായ ആദിത്യന്‍ ജയനെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമായിരുന്നു നടപടി. തന്നെയും മാതാപിതാക്കളെയും കൊല്ലുമെന്ന് ആദിത്യന്‍ ഭീഷണിപ്പെടുത്തിയെന്നും, കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചെന്നും ആരോപിച്ച് അമ്പിളിദേവി നല്‍കിയ പരാതിയില്‍ ചവറ പൊലീസ് നേരത്തെ കേസെടുത്തിരുന്നു.
ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് തന്റെ സ്ത്രീത്വത്തെ അപമാനിക്കാന്‍ ആദിത്യന്‍ ശ്രമിച്ചുവെന്ന് അമ്പിളിദേവി ആരോപിച്ചിരുന്നു.നടന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി.ആദിത്യന് ഹൈക്കോടതി കര്‍ശന ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
അമ്പിളിദേവിയെ അപകീര്‍ത്തിപ്പെടുത്തരുതെന്ന് താക്കീത് നല്‍കിയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ആദിത്യന്‍ ചൊവ്വാഴ്ച ചവറ സ്റ്റേഷനില്‍ ഹാജരാകണമെന്നും, അറസ്റ്റ് രേഖപ്പെടുത്തിയാല്‍ അന്നുതന്നെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി ജാമ്യം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.