ക്രഡിറ്റ് സൗകര്യം എയർ ഇന്ത്യ നിർത്തലാക്കി; എംപിമാരും കേന്ദ്ര ജീവനക്കാരും പെട്ടു

November 4, 2021
97
Views

ന്യൂഡെൽഹി: പാർലമെന്റംഗങ്ങൾക്കും കേന്ദ്ര സർക്കാർ ജീവനക്കാർക്കും ഉണ്ടായിരുന്ന ക്രഡിറ്റ് സൗകര്യം എയർ ഇന്ത്യ നിർത്തലാക്കി. ടാറ്റയുടെ ടാലസ് പ്രൈവറ്റ് ലിമിറ്റഡ് എയർ ഇന്ത്യയെ ഏറ്റെടുക്കുന്നതിന്റെ നടപടികൾ പൂർത്തീകരിക്കുന്നതിന്റെ ഭാഗമായാണിത്. ഇതോടെ പാർലമെന്റംഗങ്ങൾ അടക്കമുള്ളവർക്ക് ഇനി പണം കൊടുത്ത് മാത്രമേ യാത്ര ചെയ്യാനാവൂ.

അതേസമയം ഈ തീരുമാനം എംപിമാർക്ക് പ്രതിസന്ധിയാവുമെന്ന് സിപിഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം പ്രതികരിച്ചിട്ടുണ്ട്. എംപിമാർക്കുള്ള സൗകര്യങ്ങൾ കേന്ദ്രം ഒന്നൊന്നായി വെട്ടിച്ചുരുക്കുകയാണ്. പാർലമെന്റിൽ ചർച്ച ചെയ്യാതെയാണിതെന്നും അദ്ദേഹം പ്രതികരിച്ചു.

രാജ്യസഭാ സെക്രട്ടറി പിപികെ രാമചാര്യുലുവാണ് ഇക്കാര്യം അംഗങ്ങളെ അറിയിച്ചത്. കേന്ദ്രസർക്കാർ ജീവനക്കാരുടെ യാത്രാ ടിക്കറ്റിന്റെ തുക എക്സ്പെന്റിച്ചർ മന്ത്രാലയമാണ് ഇവരുടെ യാത്രാച്ചിലവുകൾ കൈകാര്യം ചെയ്തിരുന്നത്. ഇവരടക്കം ഇനി സാധാരണ യാത്രക്കാരെ പോലെ തന്നെ എയർ ഇന്ത്യയിൽ യാത്ര ചെയ്യണം. അതായത്, ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ തന്നെ എല്ലാവരും പണം നൽകേണ്ടി വരും.

എയർ ഇന്ത്യ പൂർണ്ണമായി ഏറ്റെടുത്തതിന് പിന്നാലെ മുഖം മിനുക്കൽ നടപടികളിലേക്ക് കടക്കാനാണ് ടാറ്റയുടെ തീരുമാനം. എയർ ഇന്ത്യയുടെ പഴയ സംവിധാനം പൊളിച്ച് ഒരു കോർപറേറ്റ് റീസ്ട്രക്ചറിങ് നടത്താനാണ് ടാറ്റ ഉദ്ദേശിക്കുന്നത്. ഇതിനായി ടാറ്റ ഗ്രൂപ്പിന്റെ ഭാഗമായിട്ടുള്ള ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ സേവനം തേടുമെന്നും നേരത്തെ വ്യക്തമാക്കിയതാണ്.

നിലവിലുള്ള അനാവശ്യ ചെലവുകൾ ഒഴിവാക്കൽ, പഴയ വിമാനങ്ങളുടെ മാറ്റം, ജീവനക്കാർക്കുള്ള ഫ്രീ പാസ് വെട്ടിച്ചുരുക്കൽ, പുതിയ റൂട്ടുകൾ കണ്ടെത്തൽ, വിമാനങ്ങളുടെ പരിപാലനത്തിലെ അധിക ചെലവുകൾ കുറയ്ക്കുക തുടങ്ങിയ വിഷയങ്ങളിൽ ടിസിഎസ് സഹായത്തോടെ മാർഗ്ഗരേഖയുണ്ടാക്കും.

തൊഴിൽ സുരക്ഷ സംബന്ധിച്ച് ജീവനക്കാർക്ക് വലിയ ആശങ്കയുണ്ട്. കരാർ പ്രകാരം ആദ്യത്തെ ഒരു വർഷം ജീവനക്കാരെ ടാറ്റയ്ക്ക് പിരിച്ചുവിടാനാകില്ല. രണ്ടാം വർഷം മുതൽ ജീവനക്കാരെ പിരിച്ചുവിടുകയാണെങ്കിൽ സ്വയം വിരമിക്കലിനുള്ള ആനുകൂല്യങ്ങൾ നൽകണമെന്നും നിബന്ധനയുണ്ട്. ജീവനക്കാരുടെ പ്രകടന നിലവാരം മാനദണ്ഡമാക്കി ഇതിൽ തീരുമാനമെടുക്കാനാണ് നീക്കം. നിലവിൽ 12085 ജീവനക്കാരാണ് എയർ ഇന്ത്യയിലുള്ളത്. ഉപകമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസിൽ 1434 ജീവനക്കാരുണ്ട്.

രാജ്യത്തെ ഏക പൊതുമേഖലാ വിമാനക്കമ്പനിയെ പൂർണ്ണമായി സ്വകാര്യവൽക്കരിച്ചതോടെ കേന്ദ്ര സർക്കാരിന്റെ അടിയന്തര ഒഴിപ്പിക്കൽ നടപടികൾ, ഹജ്ജ് സർവ്വീസ് എന്നിവയ്ക്ക് ഇനി എയർ ഇന്ത്യയ്ക്ക് പകരം ആരെ ആശ്രയിക്കുമെന്ന ചോദ്യം ഉയരുന്നുണ്ട്. ഇതിനായി സ്വകാര്യ വിമാനക്കമ്പനികളുമായി കരാറിലേർപ്പെടാനുള്ള തീരുമാനം കേന്ദ്രസർക്കാർ വൈകാതെ സ്വീകരിക്കുമെന്നാണ് ഇപ്പോൾ ഉന്നത വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *