എയർ ഇന്ത്യയ്ക്ക് പുതിയ ഉടമസ്ഥൻ: ലേലത്തില്‍ ഉയര്‍ന്ന തുക സമര്‍പ്പിച്ചത് ടാറ്റയെന്ന് റിപ്പോര്‍ട്ട്

October 1, 2021
181
Views

ന്യൂ ഡെൽഹി: എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പിന് കൈമാറിയേക്കുമെന്ന് റിപ്പോർട്ട്. എയർ ഇന്ത്യക്കായുള്ള ലേലത്തിൽ ഉയർന്ന തുക സമർപ്പിച്ചത് ടാറ്റ ഗ്രൂപ്പാണെന്ന് ഇക്കണോമിക് ടൈംസ്റിപ്പോർട്ട് ചെയ്തു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അധ്യക്ഷനായ മന്ത്രിതല സമിതിയാകും കൈമാറ്റം സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കും. മന്ത്രിതല സമിതി ഏതാനും ദിവസങ്ങൾക്കുള്ളിൽ യോഗം ചേർന്ന് ലേലത്തിന് അംഗീകാരം നൽകുകയും ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തുകയും ചെയ്യും.

മന്ത്രിതല സമിതി യോഗം ചേർന്ന് തീരുമാനം അംഗീകരിച്ചതിന് ശേഷം മാത്രമേ ഇത് സംബന്ധിച്ച ഓദ്യോഗിക പ്രഖ്യാപനം ഉണ്ടാകുകയുള്ളൂ എന്ന് ഒരു ഉന്നത ഉദ്യോഗസ്ഥൻ പ്രതികരിച്ചു. മന്ത്രിതല സമിതിക്ക് വിൽപ്പന അംഗീകരിക്കാനുള്ള അധികാരമുണ്ടെന്നും സാങ്കേതികമായി ഇത് മന്ത്രിസഭാ യോഗത്തിന്റെ പരിഗണനക്ക് പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എയർഇന്ത്യയ സ്വന്തമാക്കുവാൻ ടാറ്റ ഗ്രൂപ്പും സ്പൈസ് ജെറ്റ് ചെയർമാൻ അജയ് സിങ്ങുമായിരുന്നു രംഗത്തുണ്ടായിരുന്നത്. സർക്കാർ നിശ്ചയിച്ച റിസർവ് തുകയേക്കാൾ 3000 കോടി അധികമാണ് ടാറ്റ സമർപ്പിച്ച ലേലത്തുകയെന്നും ഇത് അജിത് സിങ് സമർപ്പിച്ചതിനേക്കാൾ 5000 കോടി അധികമാണെന്നുമാണ് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോർട്ടുകൾ. എന്നാൽ 15,000 കോടിക്കും 20,000 കോടിക്കും ഇടയിലാണ് റിസർവ് തുകയെന്ന കാര്യം കേന്ദ്ര സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

സ്വകാര്യവൽകരണം സംബന്ധിച്ചിച്ച് ലേലത്തിൽ പങ്കെടുത്ത രണ്ട് കമ്പനികളുമായും കേന്ദ്ര സർക്കാർ ചർച്ചകൾ നടത്തിയിരുന്നു. സെപ്റ്റംബർ 29, 30 തീയതികളിലായിരുന്നു ചർച്ച. കേന്ദ്ര വ്യോമയാന മന്ത്രാലയം, ഡിപാർട്ട്മെന്റ് ഓഫ് ഇൻവെസ്റ്റുമെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജുമെന്റ് (ദിപാം), ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് ടാറ്റ ഗ്രൂപ്പ്, സ്പൈസ് ജെറ്റ് ചെയർമാൻ അജിത് സിങ് എന്നിവരുമായി ചർച്ചകൾ നടത്തിയത്.

ഇതിനിടെ കമ്പനി നൽകിയ താമസ സൗകര്യങ്ങളിൽ ജീവനക്കാരെ ഒഴിപ്പിക്കണമെന്ന് എയർ ഇന്ത്യയോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. സ്വകാര്യവൽകരണത്തിന് ആറ് മാസത്തിനകം ഒഴിയണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കമ്പനി നൽകിയിരിക്കുന്ന വിവിധ പാർപ്പിട സൗകര്യങ്ങളിൽ താമസിക്കുന്ന ജീവനക്കാർ ഒഴിഞ്ഞില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്നും പിഴ ഈടാക്കുമെന്നും പറഞ്ഞിട്ടുണ്ട്.

Article Categories:
Business · India · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *