ന്യൂഡല്‍ഹി: എയർ ഇന്ത്യ എക്സ്പ്രസ് മാനേജ്മെന്റും ജീവനക്കാരും തമ്മിലുള്ള തർക്കം ഒത്തുതീർപ്പിലെത്തിയതോടെ രാജ്യത്താകെ യാത്രക്കാരെ വലച്ച സമരം അവസാനിച്ചു.
വ്യാഴാഴ്ച ഡല്‍ഹിയില്‍ റീജനല്‍ ലേബർ കമീഷണറുടെ മധ്യസ്ഥതയില്‍ മാനേജ്മെന്റ് പ്രതിനിധികളും എയർഇന്ത്യ എക്സ്പ്രസ് എംപ്ലോയീസ് യൂനിയൻ പ്രതിനിധികളും നടത്തിയ യോഗത്തിലാണ് സമവായത്തിലെത്തിയത്.
സമരത്തെതുടർന്ന് പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കുമെന്നും തൊഴിലാളികള്‍ ഉന്നയിച്ചപ്രശ്നം പരിശോധിക്കുമെന്നും മാനേജ്മെന്റ് ഉറപ്പുനല്‍കി. ഇതോടെ സമരം പിൻവലിക്കാമെന്ന് തൊഴിലാളി യൂനിയനും അറിയിക്കുകയായിരുന്നു. അവധിയെടുത്തവർ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കി ഉടൻ ജോലിയില്‍ പ്രവേശിക്കും. മേയ് 28ന് വീണ്ടും ചർച്ച നടത്താനും തീരുമാനമായി. ഇതു
സംബന്ധിച്ച ധാരണാപത്രത്തില്‍ മാനേജ്മെന്റ് പ്രതിനിധികളും യൂനിയനും ഒപ്പുവെച്ചു.
ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ എക്സ്പ്രസ് കമ്ബനിയുടെ നയങ്ങളില്‍ പ്രതിഷേധിച്ച് 327 മുതിർന്ന കാബിൻ ക്രൂ അംഗങ്ങള്‍ ബുധനാഴ്ച രാവിലെമുതല്‍ കൂട്ടമായി രോഗാവധിയെടുത്തതോടെ 170 സർവിസുകളാണ് റദ്ദാക്കിയത്.