കവരത്തി: രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സിനിമാ പ്രവർത്തക ഐഷ സുൽത്താനയെ കവരത്തി പൊലീസ് രണ്ടാമതും ചോദ്യംചെയ്യുന്നു. രാവിലെ 10.30നാണ് ഐഷ സുൽത്താന ചോദ്യംചെയ്യലിന് ഹാജരായത്. ബയോ വെപ്പൺ പരാമർശം നടത്തിയതിൻറെ പേരിൽ ബിജെപി ലക്ഷദ്വീപ് ഘടകം പ്രസിഡൻറ് സി അബ്ദുൽ ഖാദർ ഹാജിയാണ് കവരത്തി പൊലീസിൽ പരാതി നൽകിയത്.
കവരത്തി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർജാമ്യം തേടിയ ഐഷയോട് ഹൈക്കോടതിയാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം നൽകിയത്. ഇതനുസരിച്ച് കഴിഞ്ഞ ദിവസം ഹാജരായ ഐഷയെ മൂന്ന് മണിക്കൂറാണ് ചോദ്യംചെയ്തത്. പിന്നീട് കഴിഞ്ഞ ദിവസം വീണ്ടും നോട്ടീസ് നൽകി ചോദ്യംചെയ്യലിന് ഇന്ന് ഹാജരാകാൻ നിർദേശിക്കുകയായിരുന്നു.
കൊറോണ മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് കാണിച്ച് ഐഷക്ക് ഇന്നലെ കലക്ടർ നോട്ടീസ് നൽകിയിരുന്നു. ഇന്ന് കൊറോണ പരിശോധന നടത്തിയതിന് ശേഷമാണ് ചോദ്യംചെയ്യൽ ആരംഭിച്ചത്. പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയാൽ ജാമ്യത്തിൽ വിട്ടയക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.
ഇതിനിടെ ലക്ഷദ്വീപിലേക്കുള്ള സന്ദർശനം വിലക്കിയതിനെതിരെ കൂടുതർ എംപിമാർ ഹൈക്കോടതിയെ സമീപിച്ചു. എളമരം കരിം, ഡോ. ശിവദാസൻ, എ എം ആരിഫ് എന്നിവരാണ് കോടതിയിൽ ഇന്ന് ഹർജി നൽകിയത്. എംപിമാരായ ഹൈബിയും ടി എൻ പ്രതാപനും ലക്ഷദ്വീപ് സന്ദർശിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ നൽകിയ ഹരജി ഹൈക്കോടതി നാളെ പരിഗണിക്കാൻ മാറ്റി. അഡ്മിനിസ്ട്രേറ്ററുടെ ഒപ്പം കൊറോണ നിയന്ത്രണം ലംഘിച്ച് വലിയ ഒരു സംഘം ദ്വീപിലെത്തിയതായി എംപിമാർ ചൂണ്ടിക്കാട്ടിയിരുന്നു. അങ്ങനെയെങ്കിൽ രണ്ടു തരം നിലപാട് ശരിയല്ലെന്നും നിസാര കാരണങ്ങൾ കാണിച്ചു പാർലമെന്റ് അംഗങ്ങൾക്കു അനുമതി നിഷേധിക്കാനാവില്ലെന്നും കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.