കൊച്ചി: ലക്ഷദ്വീപ് പോലിസ് രജിസ്റ്റർ ചെയ്ത രാജ്യാദ്രോഹ കേസിൽ ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനയെ മൂന്നാമതും ചോദ്യം ചെയ്ത് വിട്ടയച്ചു. ഇന്ന് രാവിലെ കവരത്തി പോലിസ് ഹെഡ്ക്വാർട്ടേഴ്‌സിലായിരുന്നു ചോദ്യം ചെയ്യൽ. രാവിലെ 9.45ന് തുടങ്ങിയ ചോദ്യം ചെയ്യൽ ഉച്ചയ്ക്ക് 12.30 വരെ തുടർന്നു. ബുധനാഴ്ച ഏഴുമണിക്കൂറോളം ചോദ്യം ചെയ്തതിനു പിന്നാലെയാണ് ഇന്നും ചോദ്യം ചെയ്തത്. ഹൈക്കോടതി നിർദേശമുള്ളതുകൊണ്ടുതന്നെ അറസ്റ്റ് രേഖപ്പെടുത്താതെ വിട്ടയക്കുകയാണ് ചെയ്തത്. കൊച്ചിയിലേക്ക് തിരിച്ചുപോവാനും കവരത്തി പോലിസ് അനുമതി നൽകിയിട്ടുണ്ട്. നാളെ ക്വാറന്റൈൻ പൂർത്തിയായശേഷം മറ്റന്നാൾ കൊച്ചിയിലേക്ക് പോവാമെന്ന് കവരത്തി പോലിസ് അറിയിച്ചതായി ഐഷ സുൽത്താന പറഞ്ഞു.
ഇനി ഹാജരാവാൻ പോലിസ് നോട്ടീസൊന്നും നൽകിയിട്ടില്ല. ശനിയാഴ്ച കൊച്ചിയിലേക്ക് പോവുമെന്നും ഐഷ സുൽത്താന വ്യക്തമാക്കി. അഭിഭാഷകനൊപ്പമാണ് ഐഷ ചോദ്യം ചെയ്യലിനായി ഹാജരായത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ നൽകിയ വിശദീകരണങ്ങൾ തന്നെയാണ് ഐഷ സുൽത്താന നൽകിയത്. ചാനലിൽ നടന്ന ചർച്ചയ്ക്കിടെ ലക്ഷദ്വീപിൽ കേന്ദ്രസർക്കാർ ബയോ വെപ്പൺ ഉപയോഗിക്കുകയാണെന്ന് ഐഷ പറഞ്ഞെന്നാരോപിച്ച് ബിജെപി ലക്ഷദ്വീപ് ഘടകം പ്രസിഡന്റ് സി അബ്ദുൽ ഖാദർ ഹാജി നൽകിയ പരാതിയിലായിരുന്നു രാജ്യദ്രോഹ കേസ് രജിസ്റ്റർ ചെയ്തത്.
എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു പരാമർശം നടത്തിയതെന്നാണ് ചോദ്യം ചെയ്യലിൽ അന്വേഷണസംഘം പ്രധാനമായും ഐഷയോട് ചോദിച്ചത്. ബയോവെപ്പൺ പരാമർശം നടത്താനുണ്ടായ കാരണത്തെക്കുറിച്ചും ചോദിച്ചു. പുറംരാജ്യങ്ങളിലെ ആരെങ്കിലുമായി ബന്ധങ്ങളുണ്ടോ, അവരുമായി സാമ്പത്തിക ഇടപാടുകളുണ്ടോ, ആരെയൊക്കെ നിരന്തരം ബന്ധപ്പെടാറുണ്ട് തുടങ്ങിയ കാര്യങ്ങൾ ചോദിച്ചതായി ഐഷയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, രാജ്യത്തെയല്ല, അഡ്മിനിസ്‌ട്രേറ്ററെ ഉദ്ദേശിച്ചാണ് പരാമർശം നടത്തിയതെന്ന് ഐഷ വിശദീകരിച്ചു. വാചകത്തിന്റെ ഘടന മാറിപ്പോയപ്പോൾ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നെന്നും ഐഷ പറഞ്ഞു.