കവരത്തി: രാജ്യദ്രോഹക്കേസില്‍ ലക്ഷദ്വീപ് പൊലീസ് ഐഷ സുല്‍ത്താനയെ വിട്ടയച്ചു. കവരത്തി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയില്ല. കൊച്ചിയിലേക്ക് മടങ്ങാമെന്ന് പൊലീസ് ഐഷയെ അറിയിച്ചു. മൂന്ന് തവണ ചോദ്യം ചെയ്‌തതിനു ശേഷമാണ് ഐഷയെ വിട്ടയക്കുന്നത്. ബന്ധുക്കള്‍ ആശുപത്രിയിലായതിനാല്‍ കൊച്ചിയിലേക്ക് മടങ്ങിപോകണമെന്ന് ഐഷ സുല്‍ത്താന പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു.
ഐഷ ക്വാറന്‍റീന്‍ നിയമങ്ങള്‍ ലംഘിച്ചതായി ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയെ അറിയിച്ചു. ദുരന്തനിവാരണ അതോറിട്ടിയുടെ നിര്‍ദേശങ്ങള്‍ ഐഷ പാലിച്ചില്ല. കോടതി നല്‍കിയ ഇളവുകള്‍ ദുരുപയോഗം ചെയ്തെന്നും ദ്വീപ് ഭരണകൂടം കോടതിയില്‍ പറഞ്ഞു. ഇത് സംബന്ധിച്ച രേഖകള്‍ ദ്വീപ് ഭരണകൂടം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.
ഐഷയുടെ സാമ്ബത്തിക ഇടപാടുകളും ഫോണ്‍ കോള്‍ വിവരങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ടെന്നാണ് വിവരം. ലക്ഷദ്വീപിലെ കൊവിഡ് വ്യാപനത്തിന് കാരണം കേന്ദ്ര സര്‍ക്കാരിന്‍റെ ബയോവെപ്പണാണെന്ന് ചാനല്‍ ചര്‍ച്ചയില്‍ ഐഷ പറഞതാണ് കേസിനാസ്‌പദമായ സംഭവം. ബി ജെ പി ലക്ഷദ്വീപ് ഘടകം നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.