തിരുവനന്തപുരം: കുഞ്ഞിനെ മാതാവില്‍ നിന്ന് വേര്‍പ്പെടുത്തി സി.പി.എം നേതാവായ പിതാവും മാതാവും ചേര്‍ന്ന് ദത്ത് നല്‍കിയ സംഭവത്തില്‍ പ്രതികരണവുമായി അജിത്തിന്‍റെ മുന്‍ ഭാര്യ നസിയ. പ്രസവിച്ച ശേഷം കുട്ടിയെ ശിശുക്ഷേമ സമിതിക്ക് കൈമാറിയത് അനുപമയുടെ അറിവോടെയാണ്. അനുപമ സമ്മതപത്രം നല്‍കിയത് താനും കണ്ടിരുന്നെന്നും താന്‍ വായിച്ചു നോക്കിയിരുന്നെന്നും നാസിയ പറഞ്ഞു.
അനുപമയും അച്ഛനും സമ്മതപത്രത്തില്‍ ഒപ്പുവെച്ചിരുന്നു. അനുപമ ഗര്‍ഭിണിയാണെന്ന് മൂന്നാമത്തെ മാസം തന്നെ താന്‍ അറിഞ്ഞു. ആ സമയത്ത് അജിത്തിനും അനുപമക്കും ഒപ്പമാണ് താമസിച്ചിരുന്നത്. അജിത്തും അനുപമയും തമ്മില്‍ നിയമപ്രകാരം വിവാഹം കഴിച്ചിട്ടില്ല. അനുപമ സഹോദരിയെ പോലെയാണെന്ന് അജിത്ത് പറഞ്ഞിരുന്നതെന്നും നസിയ വ്യക്തമാക്കി.
തന്റെ ഭര്‍ത്താവായിരിക്കെയാണ് അജിത്ത് അനുപമയുമായി അടുത്തത്. എനിക്ക് നിന്റെ കൂടെ ഇരിക്കേണ്ട ആവശ്യമില്ല പോകുവാണെന്ന് പറഞ്ഞാണ് അജിത് പോയത്. കുട്ടിയുണ്ടായ ശേഷം ഭീഷണിപ്പെടുത്തിയാണ് വിവാഹമോചനം നേടിയതെന്നും നാസിയ ആരോപിച്ചു. അജിത്ത് തന്‍റെ ഡാന്‍സ് മാസ്റ്റര്‍ ആയിരുന്നു. അജിത്തുമായുള്ള വിവാഹത്തിന് വീട്ടുകാര്‍ സമ്മതം നല്‍കിയിരുന്നില്ല. തന്‍റെ ഇഷ്ടപ്രകാരമാണ് വിവാഹം നടന്നത്. അജിത്ത് മാനസികമായി പീഡിപ്പിച്ചു. ഉപദ്രവം സഹിക്കാന്‍ പറ്റാത്തതിനെ തുടര്‍ന്ന് അയല്‍പക്കത്തെ വീട്ടിലാണ് പലപ്പോഴും താന്‍ കഴിഞ്ഞിരുന്നത്. തന്നെ വിളിച്ചു കൊണ്ട് പോകാന്‍ വീട്ടുകാരോട് ആവശ്യപ്പെട്ടു.ഇപ്പോള്‍ തന്നെ സഹായിക്കാന്‍ ആരുമില്ലെന്നും നസിയ വ്യക്തമാക്കി.
തന്റെ വിവാഹ മോചനത്തിന് പിന്നില്‍ അനുപമയാണെന്നും അജിത്തിന്റെ ആദ്യ ഭാര്യ ആരോപിച്ചു. ഒരുപാട് സഹിച്ചു, അനുപമയുടെ വീട്ടില്‍വരെ പോയി പറഞ്ഞു, വിവാഹമോചനം നല്‍കാന്‍ പറ്റില്ലെന്ന്. ഇതിനുശേഷമാണ് അനുപമ കുട്ടിയെ ദത്ത് നല്‍കിയത്. ദത്ത് നല്‍കുന്നതുമായി ബന്ധപ്പെട്ട് എഴുതി നല്‍കിയ കാര്യങ്ങള്‍ താന്‍ കണ്ടതാണെന്നും ആ സമയത്ത് അനുപമ പൂര്‍ണ്ണ ബോധവതിയായിരുന്നുവെന്നും ഞാന്‍ വായിച്ചു നോക്കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.