50 വർഷങ്ങൾക്ക് ശേഷം ഇന്ത്യയുടെ കെടാവിളക്കായ അമർ ജവാൻ ജ്യോതിയുടെ സ്ഥാനം മാറുന്നു

January 21, 2022
285
Views

ന്യൂ ഡെൽഹി: ഇന്ത്യയുടെ നിത്യജ്വാല എന്നറിയപ്പെടുന്ന അമർ ജവാൻ ജ്യോതി ദേശീയ യുദ്ധ സ്മാരകത്തിലെ ജ്വാലയുമായി ലയിപ്പിച്ചു. ഇന്‍റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് മേധാവി എയർ മാർഷൽ ബാലഭദ്ര രാധാകൃഷ്ണയുടെ നേതൃത്വത്തിലാണ് ചടങ്ങ് നടന്നത്.

എന്നാല് അമർജവാൻ ജ്യോതി കെടുത്തുന്നതിനെതിരെ രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ രംഗത്തു വന്നിരുന്നു. ദേശസ്നേഹത്തിന്‍റെയും ത്യാഗത്തിന്‍റെയും മഹത്വം ചിലർക്ക് മനസിലാകുന്നില്ലെന്നു രാഹുൽ ഗാന്ധി പറഞ്ഞു. ഏറെ ദുഃഖത്തോടെയാണ് ഇക്കാര്യം പങ്കുവയ്ക്കുന്നത് എന്നറിയിച്ച രാഹുൽ അമർ ജ്യോതി ഇനിയും തെളിയുമെന്നും സൂചിപ്പിച്ചു. മോദി സർക്കാരിന് ജനാധിപത്യ മൂല്യങ്ങളെയും കീഴ്‌വഴക്കങ്ങളെയും ബഹുമാനിക്കാൻ അറിയില്ലെന്ന് ശശി തരൂർ പറഞ്ഞു.

ഒന്നാം ലോക മഹായുദ്ധത്തിലും (1914- 1918) മൂന്നാം ആംഗ്ളോ- അഫ്ഗാൻ യുദ്ധത്തിലും (1919) വീരമൃതൃു വരിച്ച സൈനികരെ ആദരിക്കുന്നതിനായി പണികഴിപ്പിച്ച സ്മാരകമാണ് ഇന്ത്യാ ഗേറ്റ്. 42 മീറ്ററാണ് ഇതിന്റെ ഉയരം. ഇതിന്റെ ചുമരുകളിൽ വീരമൃതൃു വരിച്ച സൈനികരുടെ പേരുകൾ ആലേഖനം ചെയ്തിട്ടുണ്ട്.

1972ലാണ് ഇന്ത്യാ ഗേറ്റിൽ അമർ ജവാൻ ജ്യോതി സ്ഥാപിക്കുന്നത്. 1971ലെ ഇന്ത്യാ- പാക് യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ സ്മരണയ്ക്കായാണ് അമർ ജവാൻ ജ്യോതി സ്ഥാപിച്ചിരിക്കുന്നത്. സ്മാരകത്തിൽ തലകീഴായി ഒരു ബയണറ്റും അതിനുമുകളിൽ സൈനികർ ഉപയോഗിക്കുന്ന ഹെൽമറ്റും സ്ഥാപിച്ചിട്ടുണ്ട്.

ഇതിന് മുന്നിലായാണ് കെടാവിളക്ക് സ്ഥാപിച്ചിരിക്കുന്നത്. സൈനിക മേധാവികളും സന്ദർശകരുമെല്ലാം ഇവിടെയെത്തി സൈനികർക്ക് ആദരവ് അർപ്പിച്ചിരുന്നു. 50 കൊല്ലമായി അണയാതെ ജ്വലിക്കുന്ന ഇന്ത്യാഗേറ്റിലെ ഈ ജ്യോതിയാണ് 2019ൽ നിർമ്മിച്ച ദേശീയ യുദ്ധസ്മാരകത്തിലെ വിളക്കിൽ ലയിപ്പിക്കുന്നത്. രണ്ട് ജ്യോതികളും ഒരേ സമയം പരിപാലിക്കുന്നതിലെ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയാണ് ലയനമെങ്കിലും കോൺഗ്രസ് ഇതിനെതിരെ രംഗത്തിറങ്ങി

സ്വാതന്ത്ര്യാനന്തരം രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച സൈനികരുടെയും മറ്റ് പോരാളികളുടെയും സ്മരണാർത്ഥം ആണ് ദേശീയ യുദ്ധ സ്മാരകം നിർമിച്ചത്. ഇന്ത്യാ ഗേറ്റ് സമുച്ചയത്തിൽ 40 ഏക്കറിലാണ് സ്മാരകം പണികഴിപ്പിച്ചിരിക്കുന്നത്. സ്മാരകത്തിന്റെ ചുമരുകളിൽ യുദ്ധത്തിൽ വീരമൃതൃു വരിച്ച സൈനികരുടെ പേരുകൾ കൊത്തിവച്ചിട്ടുണ്ട്. പ്രത്യേക ദിവസങ്ങളിൽ ഇവിടെ പുഷ്പാർച്ചന നടത്തിവരുന്നു.

Article Categories:
India · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *