ഇന്ത്യയില്‍ ഇലക്ട്രിക് കാറുകള്‍ നിര്‍മ്മിക്കാനൊരുങ്ങി അമേരിക്കന്‍ ബ്രാന്റ് ഫോര്‍ഡ്‌

February 15, 2022
176
Views

അമേരിക്കന്‍ ബ്രാന്‍ഡ് ഫോര്‍ഡ് ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം അവസാനത്തോടെ പ്രാദേശികമായി പാസഞ്ചര്‍ കാറുകളുടെ ഉത്പാദനം നിര്‍ത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വാഹന മേഖലയ്ക്കുള്ള പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീമിന് കീഴിലുള്ള നിര്‍ദേശത്തിന് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അംഗീകാരം നേടിയിയിരിക്കുകയാണ് ഫോര്‍ഡ്.

കയറ്റുമതിക്കായി ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ (ഇവി) നിര്‍മിക്കുന്നത് പരിഗണിക്കുകയാണെന്ന് ഫോര്‍ഡ് മോട്ടോര്‍ കമ്പനി അറിയിച്ചു. രാജ്യത്ത് കമ്ബനിക്ക് നിലവില്‍ രണ്ട് പ്ലാന്റുകളാണ് പ്രവര്‍ത്തിക്കുന്നത്. ഒന്ന് ഗുജറാത്തിലെ സാനന്ദിലും മറ്റൊന്ന് തമിഴ്‌നാട്ടിലെ മറൈമലൈ നഗറിലുമാണ് സ്ഥിതി ചെയ്യുന്നത്. നിലവില്‍ അവയില്‍ നിന്ന് ഐസി എഞ്ചിന്‍ കാറുകള്‍ മാത്രമേ നിര്‍മിക്കാന്‍ കഴിയൂ. ഇലക്ട്രിക് വാഹന നിര്‍മാണത്തിനുള്ള കയറ്റുമതി അടിത്തറയായി ഇന്ത്യയിലെ ഒരു പ്ലാന്റ് ഉപയോഗിക്കുന്നതിനുള്ള സാധ്യത പര്യവേക്ഷണം ചെയ്യുകയാണെന്ന് കമ്ബനി അറിയിച്ചു.

2030 ഓടെ ഇവികളിലും ബാറ്ററികളിലും 30 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ പദ്ധതിയിടുന്നതായി ഫോര്‍ഡ് മുമ്ബ് പറഞ്ഞിരുന്നു. പുതിയ നീക്കത്തിലൂടെ മസ്താങ് കൂപ്പെ ഉള്‍പ്പെടെയുള്ള ഐക്കണിക് വാഹനങ്ങള്‍ നിര്‍ബന്ധമായും ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് നല്‍കാനുള്ള കമ്ബനിയുടെ പദ്ധതികളില്‍ ഉള്‍പ്പെടുന്നുണ്ട്. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ വാഹനങ്ങള്‍ക്ക് സര്‍വീസ് നടത്തുന്നതിനായി സാനന്ദിലെ എഞ്ചിന്‍ യൂണിറ്റ് നിലനിര്‍ത്താനുള്ള ഓപ്ഷനോടെയാണ് ഫോര്‍ഡ് ഇന്ത്യയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചത്.

സ്വന്തം നാടായ അമേരിക്കയില്‍ ഫോര്‍ഡ് എഫ്150 ലൈറ്റ്നിംഗ് പിക്കപ്പ് ട്രക്ക്, മസ്താങ് മാക്-ഇ തുടങ്ങിയ പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ വില്‍ക്കുന്നുണ്ട്. ഇതില്‍ മസ്താങ് മാക്-ഇ കഴിഞ്ഞ വര്‍ഷം തന്നെ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് ആദ്യം പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പോയ വര്‍ഷം കമ്ബനിയുടെ തീരുമാനങ്ങള്‍ ഏറെ വ്യത്യസ്തമായിരുന്നതിനാല്‍ ഇത് യാഥാര്‍ഥ്യമാവാതെ പോവുകയായിരുന്നു.

Article Categories:
Business · Business News · Latest News · Latest News · Technology

Leave a Reply

Your email address will not be published. Required fields are marked *