അട്ടപ്പാടി ആനക്കട്ടിയിൽ ചരിഞ്ഞ പിടിയാനയ്ക്ക് ആന്ത്രാക്സ്; കേരളത്തിൽ ജാഗ്രത നിർദ്ദേശം

July 13, 2021
170
Views

പാലക്കാട്: അട്ടപ്പാടി ആനക്കട്ടിയിൽ ചരിഞ്ഞ പിടിയാനയ്ക്ക് ആന്ത്രാക്സ് രോഗം സ്ഥിരീകരിച്ചതായി തമിഴ്നാട് വനം വകുപ്പ്. കേരള – തമിഴ്നാട് അതിർത്തിപ്രദേശമാണ് അട്ടപ്പാടിയിലെ ആനക്കട്ടി. കേരള വനം വകുപ്പിന് ജാഗ്രതാ നിർദേശം നൽകിയതായി തമിഴ്നാട് വനംവകുപ്പ് വ്യക്തമാക്കുന്നു. ആനക്കട്ടി മേഖലയിൽ കൂടുതൽ പരിശോധന നടത്തുമെന്നും വനംവകുപ്പ് അറിയിക്കുന്നു.

കോയമ്പത്തൂർ വനമേഖലയിലാണ് ആനയുടെ മൃതദേഹം കണ്ടെത്തിയത്. 12 മുതൽ 14 വയസ്സ് വരെ പ്രായം വരുന്ന പിടിയാനയാണ് ചരിഞ്ഞത്. വായിൽ നിന്ന് അടക്കം രക്തം വാർന്ന നിലയിലാണ് ആനയെ കണ്ടെത്തിയത്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരാനുള്ള സാധ്യതയുള്ള അസുഖമാണ് ആന്ത്രാക്സ്. ആനയെ പരിശോധിച്ച ഉദ്യോഗസ്ഥരെ അടക്കം ക്വാറൻറീനിലാക്കി, വാക്സിനേഷൻ നടപടികളടക്കം സത്വരമാക്കാനാണ് തമിഴ്നാട് ആരോഗ്യവകുപ്പിൻറെയും വനംവകുപ്പിൻറെയും തീരുമാനം. മേഖലയിൽ അതീവജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

കോയമ്പത്തൂർ ഡിവിഷനിൽ ഇതിന് മുമ്പ് ചരിഞ്ഞ നാലാനകൾക്ക് ആന്ത്രാക്സ് സ്ഥിരീകരിച്ചിട്ടുണ്ട്. 2011, 2014, 2016-ൽ രണ്ടാനകൾക്ക് എന്നിങ്ങനെയാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്. അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് വീണ്ടുമൊരാനയ്ക്ക് ഈ മേഖലയിൽ രോഗം സ്ഥിരീകരിക്കുന്നത്.

Article Categories:
India · Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *