പോരാട്ടത്തിനൊടുവിൽ വിജയം: കുഞ്ഞ് ഇനി അനുപമയ്ക്ക് സ്വന്തം

November 24, 2021
218
Views

തിരുവനന്തപുരം: വിവാദ ദത്തുകേസില്‍ കുഞ്ഞിനെ യഥാർത്ഥ മാതാപിതാക്കളായ അനുപമയ്ക്കും അജിത്തിനും ഇന്നുതന്നെ കൈമാറാന്‍ കോടതി ഉത്തരവ്. തിരുവനന്തപുരം കുടുംബ കോടതിയുടേതാണ് ഉത്തരവ്. ഡിഎൻഎ പരിശോധനാ ഫലമടക്കമുള്ള റിപ്പോര്‍ട്ട് ഡിഡബ്ല്യുസി കോടതിയില്‍ സമര്‍പ്പിച്ചതിന് പിന്നാലെയാണ് കോടതിയുടെ ഉത്തരവ്.

കുഞ്ഞിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കാന്‍ ജഡ്‍ജി ആവശ്യപ്പെട്ടു. ഇതിനായി ഡോക്ടറെ ജഡ്ജിയുടെ ചേംബറിലേക്ക് വിളിപ്പിച്ചു. കേസ് എത്രയും പെട്ടന്ന് പരിഗണിക്കണമെന്ന് അനുപമയും, കുട്ടിയുടെ അമ്മയുടെ വികാരം പരിഗണിച്ച് കേസ് വേഗം പരിഗണിക്കണമെന്ന് സര്‍ക്കാരും ആവശ്യപ്പെട്ടിരുന്നു. കുഞ്ഞ് അനുപമയുടേതും പങ്കാളി അജിത്തിന്‍റേതുമാണെന്നുമുള്ള ഡിഎൻഎ ഫലം വന്നതാണ് കേസിൽ നിർണ്ണായകമായത്.

അതേസമയം, അനുപമയുടെ കുഞ്ഞിനെ ദത്തുകൊടുത്തതിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നതാണ് വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറുടെ കണ്ടെത്തൽ. കുഞ്ഞിനെ ദത്ത് കൊടുത്തതില്‍ ശിശുക്ഷേമ സമിതിക്കും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്കും ഗുരുതര വീഴ്ചയുണ്ടായെന്നാണ് കണ്ടെത്തല്‍.

2020 ഒക്ടോബര്‍ 22 ന് രാത്രി 12.30 നാണ് അനുപമയുടെ കുഞ്ഞ് ശിശുക്ഷേമസമിതിയിലെത്തുന്നത്. ദത്ത് നൽകുന്നത് ഓഗസ്റ്റ് 7 നും. കുഞ്ഞിനെ കിട്ടിയെന്ന പത്രപരസ്യത്തിന് പിന്നാലെ അജിത്ത് പലതവണ ശിശുക്ഷേമസമിതി ഓഫീസിലും ജനറൽ സെക്രട്ടറി ഷിജുഖാന്‍റെ മുന്നിലും എത്തിയിരുന്നു. കഴിഞ്ഞ നവംബറിലെ ഈ സന്ദർശനത്തിന്‍റെ വിവരങ്ങളടങ്ങിയ രജിസറ്റർ ഓഫീസിൽ നിന്നും ചുരണ്ടിമാറ്റി.

ദത്ത് കൊടുത്തതിന്‍റെ നാലാംനാൾ അനുപമ കുഞ്ഞിനെ പരാതിക്കാരിക്ക് കാണിച്ച് കൊടുക്കണമെന്ന സിഡബ്ള്യുസി ഉത്തരവുമായി ശിശുക്ഷേമസമിതിയിൽ എത്തിയിട്ടും കുഞ്ഞിനെ തിരിച്ചുകൊണ്ടുവരാൻ നടപടി എടുത്തില്ല. മാത്രമല്ല കുഞ്ഞിനുമേല്‍ ആരും അവകാശവാദം ഉന്നയിച്ചിട്ടില്ലെന്ന രീതിയിൽ ദത്ത് സ്ഥിരപ്പെടുത്താൻ സമിതി കോടതിയിൽ സത്യവാങ്മൂലം നൽകി.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *