തീവ്രവാദത്തിനെതിരെ പ്രതികരിച്ചില്ലെങ്കിൽ കേരളം സിറിയയാകും: എപി അബ്ദുള്ളക്കുട്ടി

July 28, 2021
155
Views

തിരുവനന്തപുരം: എങ്ങനെയാണ് കേരളത്തിൽ നിന്നും വിദ്യാസമ്പന്നരായ ചെറുപ്പക്കാർ ജിഹാദിനായി ഐഎസിൽ ചേരാൻ പോയതെന്ന് പ്രബുദ്ധ കേരളം ചർച്ച ചെയ്യണമെന്ന് ബിജെപി അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എപി അബ്ദുള്ളക്കുട്ടി. ഇതിനെതിരെ നമ്മൾ പ്രതികരിച്ചില്ലെങ്കിൽ കേരളം മറ്റൊരു സിറിയയാകും.

ന്യൂനപക്ഷമോർച്ച സംഘടിപ്പിച്ച തീവ്രവാദ വിരുദ്ധ ക്യാമ്പയിൻ “ഹോം ശാന്തി” തിരുവനന്തപുരം ബിജെപി സംസ്ഥാന ഓഫീസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആഗോള തീവ്രവാദത്തിന് കേരളത്തിൽ നിന്ന് റിക്രൂട്ട്മെൻറ് നടക്കുന്നുവെന്ന മുൻ ഡിജിപിയുടെ വെളിപ്പെടുത്തലും അഫ്ഗാനിൽ താലിബാൻ ഭരണം പിടിച്ചാൽ അതിൻ്റെ പ്രതിഫലനം കേരളത്തിൽ ഉണ്ടാവുമെന്ന സ്റ്റേറ്റ്മാൻ റിപ്പോർട്ടും ഭീതിപ്പെടുത്തുന്നതാണ്. കാശ്മീരിൽ ഇന്ത്യൻ സൈന്യത്തോട് യുദ്ധം ചെയ്ത് കണ്ണൂർ സ്വദേശിയായ മുഹമ്മദ് ഫയാസ് കൊല്ലപ്പെട്ടപ്പോൾ ഉമ്മ സഫിയ “നമ്മക്ക് മോനേക്കാൾ വലുതാണ് രാജ്യം” എന്നാണ് പറഞ്ഞത്.

ഇതാണ് നാം മാതൃകയാക്കേണ്ടത്. ആ ഉമ്മയ്ക്കുള്ള ദേശസ്നേഹം മതപ്രമാണിമാർക്കില്ല. കാശ്മീരിൽ നിന്നും തീവ്രവാദത്തെ ഏതാണ്ട് തുടച്ചുനീക്കാൻ നരേന്ദ്രമോദി സർക്കാരിന് സാധിച്ചു. അബ്ദുൾ നാസർ മദനിയേയും സക്കീർ നായിക്കിനെയും പോലെയുള്ളവരാണ് രാജ്യത്ത് തീവ്രവാദം വളർത്തിയത്. തീവ്രവാദം ദേശവിരുദ്ധവും മതവിരുദ്ധവുമാണെന്ന് യുവാക്കളെ പഠിപ്പിച്ചു കൊടുക്കേണ്ടതുണ്ട്. ജിഹാദിന്റെ പേരിൽ ആയുധമേന്തി മറ്റുള്ളവരുടെ ജീവൻ അപഹരിക്കുന്നതും, അവരുടെ സ്വൈര്യജീവിതം കെടുത്തുന്നതും മനുഷ്യത്വരഹിതമാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.


ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡൻറ് ജിജി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ന്യൂനപക്ഷമോർച്ച അഖിലേന്ത്യ വൈസ് പ്രസിഡൻറ് ഡോക്ടർ അബ്ദുൽ സലാം, ബിജെപി ജില്ലാ പ്രസിഡൻ്റ് വിവി രാജേഷ്, ന്യൂനപക്ഷമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോസഫ് പടമാടൻ, അജി തോമസ് വൈസ് പ്രസിഡന്റ് ഡാനി ജെ പോൾ, ജില്ലാ പ്രസിഡൻ്റ് ഡെന്നിസ് തുടങ്ങിയവർ പങ്കെടുത്തു. എറണാകുളം, മലപ്പുറം കോഴിക്കോട് എന്നിവിടങ്ങളിലും പരിപാടി സംഘടിപ്പിക്കും.

Article Categories:
Kerala · Latest News · Politics

Leave a Reply

Your email address will not be published. Required fields are marked *