ഡിസിസി ഭാരവാഹി നിയമനത്തിൽ പകുതിയിലേറെ ജില്ലകൾ കെ പി സി സി സാധ്യത പട്ടിക കൈമാറി. ഇടുക്കി, വയനാട്, കാസർഗോഡ് ജില്ലകളിൽ 15 വീതവും മറ്റിടങ്ങളിൽ 25 പേർ വീതവും ഭാരവാഹികളാണ് ഉള്ളത്. നിർവാഹക സമിതിയംഗങ്ങൾ, ബ്ലോക്ക് പ്രസിഡന്റുമാർ എന്നിവരുടെ പേരുകൾ കൈമാറി. കെ പി സി സി സെക്രട്ടറിമാരായി 40 പേരെ നിയമിക്കാനാണ് തീരുമാനം. എന്നാൽ ആവശ്യമുള്ളതിന്റെ ഇരട്ടിയിലേറെ പേരുകൾ നേതാക്കളുടെ പക്കലുണ്ട്. അതിൽ നിന്ന് ഏറ്റവും അർഹമായ 40 പേരെയാണ് പരിഗണിക്കുന്നത്.
ഇതുസംബന്ധിച്ച ചർച്ചകൾ തിങ്കളാഴ്ച തിരുവനന്തപുരത്ത് ആരംഭിക്കും. പ്രതിപക്ഷ നേതാവും കെ പി സി സി പ്രസിഡന്റും മുതിർന്ന നേതാക്കളുമായി കൂടിയാലോചിച്ചായിരിക്കും അന്തിമ ലിസ്റ്റ് തയാറാക്കുക. ഇതൊപ്പം 14 ഡിസിസി കളുടെയും ഭാരവാഹികളുടെയും കാര്യത്തിൽ കെ പി സി സി ആണ് അന്തിമ തീരുമാനം എടുക്കേണ്ടത്. ഡിസിസി യ്ക്ക് കരട് പട്ടിക കൈമാറിയിട്ടുണ്ട്. കരട് പട്ടിക നൽകാനുള്ള രണ്ട് ജില്ലകളിലെയും നേതൃത്വങ്ങളെ കെ.പി.സി.സിയിൽ നിന്ന് ബന്ധപ്പെട്ട് അടിയന്തരമായി നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.അതിനിടെ കെ പി സി സി നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ കാരണം ചില ജില്ലകളിൽ ഭാരവാഹിത്വത്തിന് ഏറ്റവും അർഹരായവർ തഴയപ്പെടുന്നുവെന്ന് പരാതിയുണ്ട്. അതിനാൽ ചിലരുടെ കാര്യത്തിലെങ്കിലും മാനദണ്ഡത്തിൽ ഇളവ് വേണമെന്ന ആവശ്യം ഉയരുന്നുണ്ട്. ഈ ആവശ്യത്തിന് സംസ്ഥാന നേതൃത്വം വഴങ്ങുമെന്ന് വ്യക്തമല്ല.