കൊച്ചി: സ്വർണ്ണക്കടത്ത് സംഘം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെ ആളാണെന്ന് കാണിച്ച് യുവാക്കളെ ആകർഷിച്ചുവെന്നും അവരെ സമൂഹവിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിച്ചുവെന്നും കസ്റ്റംസ്. കേസിൽ അർജുൻ അടക്കമുള്ള പ്രതികൾക്ക് ടിപി ചന്ദ്രശേഖരൻ കേസിലെ പ്രതികളുടെ സംരക്ഷണം ലഭിച്ചെന്നും ഇതിന് തെളിവുകൾ ലഭിച്ചെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. അർജുൻ ആയങ്കിയെ 7 ദിവസം കൂടി കസ്റ്റഡിയിൽ വേണമെന്ന കസ്റ്റംസിന്റെ അവശ്യം എറണാകുളം സമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കോടതി തള്ളി.
സ്വർണ്ണക്കടത്ത് കേസിൽ അർജുൻ ആയങ്കി അടക്കമുള്ള കണ്ണൂർ സംഘത്തിന് ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട കൊടി സുനിയുടേയും ഷാഫിയുടേയും സംരക്ഷണം ലഭിച്ചുണ്ട്. മുഹമ്മദ് ഷാഫിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഇലക്ട്രോണിക് തെളിവുകൾ കണ്ടെത്തിയെന്നും എന്നാൽ കൊടി സുനിയുടെ വീട് അടച്ചിട്ടതിനാൽ പരിശോധന നടത്താൻ കഴിഞ്ഞില്ലെന്നും കസ്റ്റംസ് അറിയിച്ചു.
കരിപ്പൂർ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് അർജുൻ ആയങ്കിക്കെതിരെ ശക്തമായ തെളിവുകളുണ്ട്. അറസ്റ്റിലായവരുടെ മൊഴികളെല്ലാം അർജുനെതിരാണെന്നും ഭാര്യയുടെ മൊഴിപോലും അർജുൻ പറഞ്ഞതിന് എതിരാണെന്നും കസ്റ്റംസ് വ്യക്തമാക്കി. അതേ സമയം തന്നെ കസ്റ്റംസ് സംഘം കസ്റ്റഡിയിൽ മർദ്ദിച്ചെന്ന് അർജുൻ ആയങ്കി കോടതിയെ അറിയിച്ചു. കസ്റ്റഡിയിൽ എത്തിയതിന്റെ രണ്ടാം ദിവസമായിരുന്നു നഗ്നനാക്കി നിർത്തി മർദ്ദനമെന്നാണ് അർജുൻ കോടതിയിൽ ആരോപിച്ചത്.