കൊച്ചി: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയെ കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടു. ജൂലൈ അറുവരെയാണ് കസ്റ്റഡി കാലാവധി. രാമനാട്ടുകരയിൽ കടത്ത് സ്വർണം പിടികൂടാനെത്തിയ ക്വട്ടേഷൻ സംഘം അപകടത്തിൽപ്പെട്ട ദിവസം അർജുൻ കരിപ്പൂരിൽ എത്തിയതിന്റെ അടക്കം തെളിവ് പുറത്ത് വന്നതോടെയായിരുന്നു അന്വേഷണം അർജുനിലേക്ക് നീങ്ങിയത്.
എന്നാൽ കടം നൽകിയ പണം വിദേശത്ത് നിന്നെത്തിയ ആളിൽ നിന്നും തിരികെ വാങ്ങാനാണ് കരിപ്പൂരിൽ എത്തിയതെന്നാണ് അർജുൻ പറയുന്നത്. മൊഴി വിശ്വാസയോഗ്യമല്ലെന്നും സ്വർണ്ണക്കടത്തിൽ അർജുൻ പങ്കെടുത്തതിന്റെ തെളിവ് ഉണ്ടെന്നുമാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്. ഫോൺ രേഖകൾ അടക്കം ഇത് വ്യക്തമാക്കുന്ന തെളിവാണെന്നും കസ്റ്റംസ് അറിയിക്കുന്നു.