നാരായണ്‍പൂർ: ഛത്തീസ്ഗഢിലെ ദന്തേവാഡയിലുണ്ടായ ഏറ്റുമുട്ടലില്‍ എഴ് നക്സലൈറ്റുകള്‍ കൊല്ലപ്പെട്ടു. ഡിസ്ട്രിക് റിസർവ് ഗ്രൂപ്പും നക്സലൈറ്റുകളും തമ്മില്‍ നാരായണ്‍പൂർ, ദന്തേവാഡ ജില്ലകളുടെ അതിർത്തിയിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് സീനിയർ പൊലീസ് ഓഫീസർ പറഞ്ഞു.
ഏറ്റുമുട്ടലിനൊടുവില്‍ ആയുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും ഓപ്പറേഷൻ ഇപ്പോഴും തുടരുകയാണെന്നും നാരായണ്‍പൂർ പൊലീസ് സൂപ്രണ്ട് പ്രഭാത് കുമാർ കൂട്ടിച്ചേർത്തു.
ഏറ്റുമുട്ടലുണ്ടായ സ്ഥലത്ത് നിന്നും ഏഴ് നക്സലൈറ്റുകളുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഏറ്റുമുട്ടലില്‍ മൂന്ന് ജവാൻമാർക്ക് പരിക്കേറ്റു. ഇവരെ എയർലിഫ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. ഡി.ആർ.ജി, ഐ.ടി.ബി.പി തുടങ്ങിയവയുടെ സംയുക്ത സംഘമാണ് പ്രദേശത്ത് നക്സലൈറ്റുകള്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തിയത്.
ജൂണ്‍ രണ്ടിന് നാരായണ്‍പൂർ ജില്ലയിലെ ധുർമി ഗ്രാമത്തില്‍ മൊബൈല്‍ ടവറിന് നക്സലൈറ്റുകള്‍ തീവെച്ചിരുന്നു. മെയ് 25ന് നക്സലൈറ്റുകളും പൊലീസും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് നക്സലൈറ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ ഏഴ് നക്സലൈറ്റുകള്‍ കൊല്ലപ്പെട്ടത്.