ജയിലിൽനിന്ന്‌ ജാമ്യത്തിലിറക്കിയതിന് വയോധികരായ മാതാപിതാക്കൾക്ക് മകന്റെ ക്രൂരമർദനം

January 18, 2022
285
Views

കൊല്ലം: ജയിലിൽനിന്ന്‌ ജാമ്യത്തിലിറക്കിയതിന് വയോധികരായ മാതാപിതാക്കൾക്ക് മകന്റെ ക്രൂരമർദനം. പീഡനംകാരണം ബന്ധുവീടുകളിലും അയൽവീടുകളിലും അഭയംതേടിയ ഇരുവരെയും കരുനാഗപ്പള്ളിയിലെ ശാന്തിതീരം എന്ന അഭയകേന്ദ്രത്തിലേക്കു മാറ്റി.

കൊല്ലം മയ്യനാട് കാരിക്കുഴി രാജുഭവനിൽ രാജൻ (80), പ്രഭാവതി (77) എന്നിവർക്കാണ് ഏകമകൻ രാജു(33)വിന്റെ മർദനമേറ്റത്. ഇരവിപുരം പോലീസിൽ നാലുപ്രാവശ്യം പരാതിനൽകിയെങ്കിലും സംരക്ഷണം ലഭിച്ചില്ലെന്ന് ഇവർ പറയുന്നു. ഒരു വർഷത്തിലേറെയായി മകൻ പലവട്ടം മർദിച്ചിരുന്നതായി ഇവർ പറഞ്ഞു.

പീഡനക്കേസിൽ ജയിലിലായ മകനെ രക്ഷിതാക്കൾ ജാമ്യത്തിലിറക്കിയിരുന്നു. ജയിൽജീവിതം ഇഷ്ടപ്പെട്ട രാജു ജാമ്യത്തിലിറക്കിയത് ചോദ്യംചെയ്തായിരുന്നു പിന്നീടുള്ള മർദനം.

രണ്ടുദിവസംമുൻപ് ഇയാൾ രക്ഷിതാക്കളെ ക്രൂരമായി ഉപദ്രവിച്ചതോടെ ഇവർ രാത്രി വീടുവിട്ടോടി സഹോദരീപുത്രിയുടെ വീട്ടിൽ അഭയംതേടി. ഇവരുടെ ദുരിതകഥ സാമൂഹികമാധ്യമങ്ങളിൽ വന്നതോടെയാണ് സാമൂഹികപ്രവർത്തകരായ ഗണേശനും സജി ചാത്തന്നൂരും ഇടപെട്ട് കരുനാഗപ്പള്ളിയിലെ ശാന്തിതീരത്തേക്കു മാറ്റിയത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *