തിരുവനന്തപുരം: നഗരസഭയിലെ നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് കുറ്റക്കാരായ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തുവെന്ന് മേയര്‍ ആര്യ രാജേന്ദ്രന്.പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസുകള്‍ എടുത്തിട്ടുണ്ടെന്ന് മേയര്‍ അറിയിച്ചു. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണെന്നും മേയര്‍ പറഞ്ഞു.
ജനങ്ങളുടെ നികുതിപ്പണം അല്ല നഷ്ടമായതെന്ന് മേയര്‍ ആര്യ രാജേന്ദ്രന് വ്യക്തമാക്കി. എന്നാല്‍ കുറ്റക്കാര്‍ക്കെതിരെ നഗരസഭ സെക്രട്ടറിയുടെ നേതൃത്വത്തിലും അന്വേഷണം നടക്കുന്നുണ്ടെന്നും മേയര്‍ അറിയിച്ചു.
തിരുവനന്തപുരം നഗരസഭ പരിധിയിലെ ആറ്റിപ്ര ശ്രീകാര്യം നേമം സോണല്‍ ഓഫീസില്‍ നിന്നായി 32 ലക്ഷം രൂപയുടെ നികുതി പണം തിരിമറി നടന്നു എന്നാണ് കണ്ടെത്തല്‍. കുറ്റക്കാരായ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു എന്നും ആരെയും സംരക്ഷിക്കുന്ന നിലപാട് നഗരസഭ സ്വീകരിക്കില്ലെന്നും മേയര്‍ രാജേന്ദ്രന് വ്യക്തമാക്കി.
ചില കൗണ്‍സിലര്‍മാര്‍ ജനങ്ങളുടെ പണം നഷ്ടമായെന്ന് വ്യാജപ്രചരണം നടത്തുന്നതായും
ചര്‍ച്ച പരാജയപ്പെട്ടു എന്നത് ശരിയല്ല എന്നും മേയര്‍ വ്യക്തമാക്കി.