ലഖ്നൗ: എ.ഐ.എം.ഐ.എം. നേതാവ് അസദുദ്ദീൻ ഒവൈസിയുടെ വാഹനത്തിന് നേരെ വെടിവെപ്പുണ്ടായ സംഭവത്തിൽ പോലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു. നോയിഡ സ്വദേശി സച്ചിൻ, സഹരാൻപൂർ സ്വദേശി ശുഭം എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഐപിസി സെക്ഷൻ 307 (കൊലപാതകശ്രമം) ചുമത്തിലാണ് പ്രതികൾക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.
ഒരു വിഭാഗത്തെക്കുറിച്ചും രാമജന്മഭൂമിയേക്കുറിച്ചും ഒവൈസി നടത്തിയ പരാമർശങ്ങളിൽ സച്ചിനും ശുഭും അസ്വസ്ഥരായിരുന്നുവെന്ന് ഉത്തർപ്രദേശ് എഡിജി (ലോ ആൻഡ് ഓർഡർ) പ്രശാന്ത് കുമാർ പറഞ്ഞു. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും പ്രതികളെ ഹാപുർ കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉത്തർപ്രദേശിലെ നോയിഡയിലെ ബദൽപുരിലാണ് പ്രതികളിലൊരാളായ സച്ചിൻ കുടുംബത്തോടൊപ്പം താമസിക്കുന്നത്. എൽഎൽഎം (മാസ്റ്റർ ഓഫ് ലോസ്) ബിരുദമുണ്ടെന്നാണ് സച്ചിൻ പോലീസിനോട് പറഞ്ഞിരിക്കുന്നത്. എന്നാൽ ഈ അവകാശവാദം പോലീസ് പരിശോധിച്ചുവരികയാണ്.
കേസിൽ അറസ്റ്റിലായ രണ്ടാമത്തെയാളായ ശുഭം സഹരാൻപൂരിലെ സാംപ്ല ബീഗംപുരിലാണ് താമസിക്കുന്നത്. പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഇയാൾ കൃഷിയുമായി ബന്ധപ്പെട്ട ജോലികളാണ് ചെയ്യുന്നതെന്നും തനിക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്നുമാണ് ഇയാൾ അവകാശപ്പെടുന്നത്. ഗാസിയാബാദിലെ മോദിപുരത്താണ് ഇയാൾ താമസിക്കുന്നതെന്നും പോലീസ് പറഞ്ഞു.
ചോദ്യം ചെയ്യലിൽ, പരസ്പരം പരിചയമുണ്ടെന്ന കാര്യം പ്രതികൾ സമ്മതിച്ചു. അസദുദ്ദീൻ ഒവൈസിയുടെയും സഹോദരൻ അക്ബറുദ്ദീൻ ഒവൈസിയുടെയും പ്രസ്താവനകളാണ് ഇരുവരെയും ചൊടിപ്പിച്ചതെന്നും ഇവർ മൊഴി നൽകിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ ഇരുവരും ഒവൈസിയുടെ പ്രസംഗങ്ങൾ കേൾക്കാറുണ്ടായിരുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് അസദുദ്ദീൻ ഒവൈസിയുടെ വാഹനത്തിന് നേരെ വെടിവെപ്പുണ്ടായത്. വ്യാഴാഴ്ച വൈകിട്ടോടെയാണ് സംഭവം. നാലുപേരുള്ള സംഘമാണ് വെടിയുതിർത്തതെന്നും നാലു റൗണ്ട് വെടിവെച്ചെന്നും രണ്ടു ബുള്ളറ്റുകൾ കാറിൽ തറച്ചെന്നും ഒവൈസി പറഞ്ഞിരുന്നു.
മീററ്റിലെ തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് ഡൽഹിയിലേക്ക് മടങ്ങുന്നിതിനിടെ ഒരു ടോൾ പ്ലാസയ്ക്കു സമീപത്തുവെച്ചാണ് സംഭവം നടന്നതെന്ന് ഒവൈസി പറഞ്ഞിരുന്നു. സംഘം വാഹനത്തിനു നേർക്ക് വെടിയുതിർത്തു. രണ്ടു ബുള്ളറ്റുകൾ വാഹനത്തിൽ തറച്ചു. ശേഷം ആയുധം ഉപേക്ഷിച്ച് സംഘം ഓടിരക്ഷപ്പെട്ടുവെന്നാണ് ഒവൈസി പറയുന്നത്.