വട്ടിയൂർക്കാവ് (തിരുവനന്തപുരം): റോഡിലുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് പോലീസുകാരനെയും കുടുംബത്തെയും വീടുകയറി ഒരുസംഘം ആക്രമിച്ചു.
സംഭവത്തില്‍ 12 പേർക്കെതിരെ വട്ടിയൂർക്കാവ് പോലീസ് കേസെടുത്തു.
എ.ആർ. ക്യാമ്ബിലെ പോലീസുകാരനായ നെട്ടയം മലമുകള്‍ രാജീരംഗില്‍ മിഥുൻ, സഹോദരൻ അമല്‍റോയ്, മാതാവ് രാജി, മിഥുന്റെ ഭാര്യ മോനിഷ എന്നിവർക്കാണ് പരിക്കേറ്റത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവങ്ങളുടെ തുടക്കം. മിഥുൻ ഓടിച്ചിരുന്ന കാർ നെട്ടയത്ത് വെച്ച് അജി എന്നയാളെ ഇടിക്കാൻ ശ്രമിച്ചതായും ഇവർ തമ്മില്‍ സ്ഥലത്ത് തർക്കമുണ്ടായതായും നാട്ടുകാർ പറയുന്നു. തുടർന്ന് വൈകീട്ട് ഏഴുമണിയോടെ ഒരു സംഘമെത്തി മിഥുന്റെ വീട്ടില്‍ അക്രമം നടത്തിയെന്ന് പോലീസ് പറഞ്ഞു.
കമ്ബിവടി കൊണ്ടുള്ള അടിയേറ്റ് മിഥുൻ, സഹോദരൻ അമല്‍, മാതാവ് രാജി എന്നിവർക്ക് സാരമായി പരിക്കേറ്റു. തടയാൻ ശ്രമിച്ച മോനിഷയ്ക്കും പരിക്കേറ്റു. അക്രമികള്‍ വീട്ടുസാധനങ്ങള്‍ തകർക്കുകയും ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് വീട് തകർക്കാൻ ശ്രമം നടത്തിയതായും പറയുന്നു. നാട്ടുകാർ എത്തിയതോടെയാണ് അക്രമിസംഘം തിരികെപ്പോയത്.
പരിക്കേറ്റവരെ പേരൂർക്കട ജില്ലാ മാതൃകാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അജി എന്ന സുരേഷ് കുമാർ, സുധി എന്നിവർക്കെതിരേയും കണ്ടാലറിയാവുന്ന പത്തോളം പേർക്കെതിരെയുമാണ് വട്ടിയൂർക്കാവ് പോലീസ് കേസെടുത്തത്.