കർണാടകത്തിൽ വിവരാവകാശ പ്രവർത്തകർക്ക് നേരെ ആക്രമണം: ഒരാളെ മർദ്ധിച്ചുകൊന്നു, മറ്റൊരാളുടെ കൈയും കാലും വെട്ടിമാറ്റി

July 17, 2021
136
Views

ബെംഗളൂരു: കർണാടകത്തിൽ രണ്ടിടങ്ങളിൽ വിവരാവകാശ പ്രവർത്തകർക്ക് നേരെ ആക്രമണം. ബെല്ലാരി സ്വദേശി ശ്രീധറിനെ അജ്ഞാതസംഘം മർദ്ദിച്ച് കൊന്നു. രാമനഗര സ്വദേശി വെങ്കിടേഷിനെ കൃഷിയിടത്തിൽവച്ച് കൈയും കാലും വെട്ടിമാറ്റി. പൊലീസ് കെസടുത്ത് അന്വേഷണം തുടങ്ങി.

ബെല്ലാരിയിൽ കഴിഞ്ഞ ദിവസം വൈകിട്ടാണ് വിവരാവകാശ പ്രവർത്തകനായ ടി ശ്രീധറിനെ അജ്ഞാതർ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയത്. തലയ്ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണ കാരണമെന്ന് പൊലീസ് അറിയിച്ചു. പരിസ്ഥിതി സംബന്ധമായ വിഷയങ്ങളിലടക്കം സജീവമായി ഇടപെടുന്നയാളായിരുന്നു ശ്രീധർ. ഇയാളോട് പകയുള്ളവരാകാം കൊലപാതകത്തിന് പിന്നിലെന്ന് ഹരപ്പനഹള്ളി ഡിവൈഎസ്പി അറിയിച്ചു. പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.

രാമനഗര തവരക്കരെ സ്വദേശിയായ വെങ്കിടേഷിനെ വെള്ളിയാഴ്ച ബൈക്കിലെത്തിയ സംഘമാണ് ആക്രമിച്ചത്. കൃഷിയിടത്തിലിട്ട് വലതുകാലും കൈയുമാണ് വെട്ടിമാറ്റിയത്. രക്തത്തിൽ കുളിച്ചുകിടന്ന ഇയാളെ നാട്ടുകാർ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

സർക്കാർ പദ്ധതികളുടെയടക്കം വിവരങ്ങൾ ശേഖരിക്കുകയും ഉദ്യോഗസ്ഥരുടെ അഴിമതിക്കെതിരെ നിരന്തരം പരാതി നൽകുകയും ചെയ്യുന്ന ആക്ടിവിസ്റ്റ് കൂടിയാണ് വെങ്കിടേഷ്. അക്രമിസംഘത്തെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം തുടങ്ങിയെന്നും പൊലീസ് അറിയിച്ചു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *