കൊറോണ മരണമെന്ന് വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി കുട്ടികളെ വിറ്റു; മൂന്ന് പേർ അറസ്റ്റിൽ

July 1, 2021
180
Views

ചെന്നൈ: തമിഴ്‌നാട്ടിൽ വ്യാജരേഖ ഉണ്ടാക്കി വിറ്റ രണ്ടു കുട്ടികളെ പോലീസ് രക്ഷപ്പെടുത്തി. കൊറോണ ബാധിച്ച് മരിച്ചെന്ന് വ്യാജരേഖ ഉണ്ടാക്കിയാണ് കുട്ടികളെ വിറ്റത്. മധുരൈയിലെ താത്കാലിക അഭയകേന്ദ്രമായ ഇദയം ട്രസ്റ്റിൽ പൊലീസ് റെയ്ഡ് നടത്തി മൂന്ന് പേരെ പിടികൂടി. ഇദയം ട്രസ്റ്റിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ജി ആർ ശിവകുമാർ ഒളിവിലാണ്. പിന്നിൽ വൻ റാക്കറ്റ് എന്നാണ് പൊലീസ് നൽകുന്ന സൂചന.

അഭയകേന്ദ്രത്തിൽ നിന്ന് ഒരു വയസുള്ള കുട്ടി അടക്കം രണ്ടു കുട്ടികളെയാണ് രക്ഷിച്ചത്. വ്യാജരേഖ ഉണ്ടാക്കി രണ്ടു ദമ്പതികൾക്കാണ് കുട്ടികളെ കൈമാറിയത്. ജൂൺ 13നും 16നുമാണ് കുട്ടികളെ കൈമാറിയത്. ഇതിന് ഇദയം ട്രസ്റ്റിന് സംഭാവന നൽകിയതായാണ് റിപ്പോർട്ടുകൾ.

സർക്കാർ ആശുപത്രിയായ രാജാജി ആശുപത്രിയിൽ ഒരു വയസുകാരൻ കൊറോണ ബാധിച്ച് മരിച്ചു എന്ന വ്യാജ വാർത്തയാണ് അന്വേഷണത്തിലേക്ക് നയിച്ചത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ അത്തരത്തിൽ ഒരു കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ലെന്ന് കണ്ടെത്തി. കുട്ടിയെ സംസ്‌കരിച്ചതായി വ്യാജരേഖകൾ ഉണ്ടാക്കിയതായും ആക്ഷേപം ഉയർന്നിരുന്നു. സംഭവത്തിൽ ജില്ലാ കലക്ടർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

അഭയകേന്ദ്രത്തിൽ താമസിക്കുന്ന ഈശ്വരയ്യയുടെ കുട്ടി കോവിഡ് ബാധിച്ച് മരിച്ചെന്നാണ് വ്യാജരേഖ ഉണ്ടാക്കിയത്. അമ്മയെ വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. കുട്ടിയെ സംസ്‌കരിച്ച സ്ഥലത്ത് കൂട്ടിക്കൊണ്ടുപോയും അമ്മയെ വിശ്വസിപ്പിക്കാൻ ശ്രമം നടന്നതായും പൊലീസ് പറയുന്നു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *