ഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ച മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ജയില്‍ മോചിതനായി.50 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് അരവിന്ദ് കെജ്രിവാള് പുറത്തിറങ്ങുന്നത്.
തീഹാർ ജയിലിലെ നാലാം നമ്ബർ ഗേറ്റിലൂടെയാണ് കെജ്രിവാ പുറത്തേക്കിറങ്ങിയത്. ഇന്ന് രാവിലെ സുപ്രീം കോടതി കെജ്രിവാളിന് ജൂണ്‍ ഒന്നു വരെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
വന്‍ സ്വീകരണമാണ് എഎപി പ്രവര്‍ത്തകര്‍ അരവിന്ദ് കെജ്രിവാളിനായി ഒരുക്കിയത്. നിങ്ങളുടെ അടുത്തേക്ക് തിരികെയെത്തിയത് ആവേശത്തിലാക്കുന്നുവെന്നാണ് കെജ്രിവാള് പ്രവര്‍ത്തകരോട് പ്രതികരിച്ചത്. സുപ്രീംകോടതിക്ക് നന്ദിയെന്നും അദ്ദേഹം പ്രതികരിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ച വിശദ വാദം നടന്ന കേസില്‍ ജാമ്യം നല്‍കാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. അസാധാരണ കേസില്‍ പ്രത്യേക അധികാരമുപയോഗിച്ചാണ് തിരഞ്ഞെടുപ്പ് കാലത്ത് ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിക്കുന്നതെന്നാണ് സുപ്രിംകോടതി അന്ന് നിലപാട് എടുത്തത്. കെജ്രിവാളിന് ജാമ്യം നല്‍കരുതെന്ന ഇഡിയുടെ വാദത്തിനേറ്റ തിരിച്ചടിയായിരുന്നു കോടതി വിധി.
21 ദിവസത്തേക്കാണ് ഇപ്പോള്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. ഏഴാം ഘട്ട പോളിംഗ് അവസാനിക്കുന്ന ജൂണ്‍ 1 വരെയാണ് ഇടക്കാല ജാമ്യം. ജൂണ്‍ 2 ന് തിരികെ കീഴടങ്ങണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ ജാമ്യം നല്‍കണമെന്ന് കെജ്രിവാളിന്റെ അഭിഭാഷകന് മനു അഭിഷേക് സിംഗ്വി ആവശ്യപ്പെട്ടു. എന്നാല്‍, ജാമ്യം വോട്ടെടുപ്പ് വരെ മതിയാകുമെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു.
ഇടക്കാല ജാമ്യം അനുവദിച്ചാലും ഭരണപരമായ ചുമതലകള്‍ നിര്‍വഹിക്കരുത് എന്ന് നേരത്തെ കേസ് പരിഗണിക്കവെ ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് കെജ്രിവാളിനോട് ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുക മൗലികാവകാശമല്ലെന്ന് ചൂണ്ടിക്കാട്ടി ഇടക്കാല ജാമ്യത്തെ ഇഡി ശക്തമായി എതിര്‍ത്തിരുന്നു. ഇടക്കാല ജാമ്യം നല്‍കുന്നത് തടയാനായി ഇന്ന് രാവിലെതന്നെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അരവിന്ദ് കെജ്രിവാളിനെതിരെ കോടതിയില്‍ കുറ്റപത്രം നല്‍കിയിരുന്നു.