പിന്തുണയ്ക്ക് നന്ദി; പിസി ജോർജിന്റെ വസതിയിലെത്തി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ

January 15, 2022
120
Views

പൂഞ്ഞാർ മുൻ എംഎൽഎ പിസി ജോർജിൻ്റെ വസതിയിലെത്തി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ തനിക്ക് പിന്തുണയർപ്പിച്ച പിസി ജോർജിനു നന്ദി അർപ്പിക്കാനാണ് ഫ്രാങ്കോ മുളയ്ക്കൽ ഈരാറ്റുപേട്ട പൂഞ്ഞാറിലെ പിസി ജോർജിൻ്റെ വീട്ടിലെത്തിയത്. മറ്റ് പുരോഹിതർക്കൊപ്പമാണ് ഫ്രാങ്കോ എത്തിയത്. കൂടിക്കാഴ്ചക്ക് ശേഷം അരുവിത്തുറ, ഭരണങ്ങാനം പള്ളികളിൽ ഇരുവരും സന്ദർശനം നടത്തുമെന്നും സൂചനയുണ്ട്. വിധി വന്നതിനു ശേഷം കോട്ടയം, എറണാകുളം ജില്ലകളിലെ വിവിധയിടങ്ങളിൽ ബിഷപ്പ് ഫ്രാങ്കോയ്ക്ക് സ്വീകരണം ഒരുക്കിയിരുന്നു. 

ഫ്രാങ്കോയ്‌ക്കെതിരെ തെളിവ് ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് വിധി പകർപ്പിൽ കോടതി പറഞ്ഞിരുന്നു. മൊഴിമാറ്റി പറഞ്ഞ ഇരയുടെ നിലപാട് വിശദീകരിക്കാൻ പ്രോസിക്യൂഷനായില്ല. ബിഷപ്പ് പ്രതികാര നടപടി സ്വീകരിക്കുന്നെന്ന് പരാതിക്കാരി കന്യാസ്ത്രീകളോട് പറഞ്ഞു. ലൈംഗിക താത്പര്യത്തിന് വഴങ്ങാത്തതിനാലാണ് പ്രതികാര നടപടിയെന്നാണ് പരാതിക്കാരി പറഞ്ഞത്. എന്നാൽ 13 തവണ ഫ്രാങ്കോ മുളയ്ക്കൽ പീഡിപ്പിച്ചുവെന്ന് കോടതിയിലെത്തിയപ്പോൾ കന്യാസ്ത്രീ മൊഴി നൽകി. പരാതിക്കാരിയുടെ മൊഴി പൂർണാർത്ഥത്തിൽ മുഖവിലയ്‌ക്കെടുക്കാൻ കഴിയില്ലെന്ന് കോടതി പറയുന്നു. ഇരയുടെ മൊഴിയിലെ വസ്തുതകളെ പെരുപ്പിച്ച് കാണിച്ചുവെന്ന് കോടതി ചൂണ്ടിക്കാട്ടുന്നു.

സ്വാർത്ഥതാത്പര്യങ്ങൾ ഉള്ളവരുടെ നീക്കത്തിന് ഇര വഴങ്ങിയെന്ന് ബോധ്യമായതായി കോടതി പറയുന്നു. കന്യാസ്ത്രീകൾക്കിടയിലുള്ള ശത്രുത, ഗ്രൂപ്പ് പോരാട്ടം എന്നിവ കേസിലേക്ക് നയിച്ചുവെന്ന് കോടതി വിലയിരുത്തി. അധികാരമോഹവും മഠത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള നീക്കവും കേസിലേക്ക് നയിച്ചു. കേസ് ഒത്തുതീർക്കാൻ പരാതിക്കാരി തയാറായതായും കോടതി ചൂണ്ടിക്കാട്ടുന്നു. ബിഹാർ അതിരൂപതയ്ക്ക് കീഴിലെ പ്രത്യേക കേന്ദ്രം വിട്ടുകൊടുത്താൽ ഒത്തുതീർപ്പിന് തയാറയേനെയെന്ന് കോടതി പറയുന്നു.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഇന്നലെ രാവിലെയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റക്കാരനല്ലെന്ന് കോടതി വിധിച്ചത്. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പുറപ്പെടുവിച്ചത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടു എന്ന ഒറ്റവാക്കിലായിരുന്നു കോടതിയുടെ വിധിപ്രസ്താവം. പുഞ്ചിരിച്ച മുഖത്തോടെയാണ് ബിഷപ്പ് കോടതി മുറിയിൽ നിന്നും പുറത്തേക്കു വന്നത്. ദൈവത്തിനു സ്തുതിയെന്നായിരുന്നു വിധിപ്രസ്താവം കേട്ടയുടൻ ഫ്രാങ്കോയുടെ പ്രതികരണം.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *