ലഖ്നൗ: ബിജെപിക്ക് കനത്ത തിരിച്ചടി നൽകി ഉത്തർപ്രദേശിൽ ഒരു എംഎൽഎ കൂടി രാജിവച്ചു. 48 മണിക്കൂറിനകം ഏഴാമത്തെ എംഎൽഎയാണ് യോഗി ആദിത്യനാഥിന്‍റെ പാളയത്തിൽ നിന്ന് രാജിവച്ച് പുറത്ത് പോകുന്നത്.
ഷികോഹാബാദ് എംഎൽഎയായ മുകേഷ് വെർമയാണ് രാജിവെച്ചത്.
പിന്നാക്കസമുദായത്തിൽപ്പെട്ട നേതാവാണ് ഡോക്ടർ കൂടിയായ മുകേഷ് വെർമ. പിന്നാക്ക സമുദായങ്ങളെ യോഗി സർക്കാർ അവഗണിക്കുകയാണെന്ന് ആരോപിച്ചാണ് മുകേഷ് വെർമയും രാജി നൽകിയിരിക്കുന്നത്.
രാജിവിവരം സ്ഥിരീകരിച്ചുകൊണ്ട് മുകേഷ് വെർമ പറഞ്ഞതിങ്ങനെ, ”സ്വാമി പ്രസാദ് മൗര്യയാണ് ഞങ്ങളുടെ നേതാവ്. അദ്ദേഹത്തിന്‍റെ പാത ഞങ്ങൾ പിന്തുടരും. അദ്ദേഹം സ്വീകരിക്കുന്ന തീരുമാനങ്ങൾ അംഗീകരിക്കും. ഇനിയും നേതാക്കൾ ബിജെപി വിട്ട് വരും”.
കുർണി വിഭാഗത്തിൽപ്പെട്ട നേതാവാണ് മുകേഷ് വെർമ. യാദവസമുദായം കഴിഞ്ഞാൽ ഉത്തർപ്രദേശിലെ ശക്തമായ മറ്റൊരു പിന്നാക്ക വിഭാഗമാണ് കുർണി. മുകേഷ് വെർമ ബിഎസ്പിയിൽ നിന്നാണ് ബിജെപിയിലെത്തിയത്.
ഉത്തർപ്രദേശിൽ മുതിർന്ന മന്ത്രിയും പിന്നാക്കവിഭാഗങ്ങൾക്കിടയിലെ ശക്തനായ നേതാവുമായിരുന്ന സ്വാമി പ്രസാദ് മൗര്യ രാജിവച്ചതിന് പിന്നാലെ ബുധനാഴ്ച വനംമന്ത്രി ദാരാ സിംഗ് ചൗഹാനും രാജി വച്ചിരുന്നു. ഇരുപത്തിനാല് മണിക്കൂറിനകം രണ്ട് സിറ്റിംഗ് മന്ത്രിമാരുൾപ്പടെ അഞ്ച് എംഎൽഎമാർ യുപി ബിജെപിയിൽ നിന്ന് പുറത്തുപോയി എന്നത് വിജയം മാത്രം ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പിനിറങ്ങുന്ന യോഗി ആദിത്യനാഥിന് വലിയ ഞെട്ടലാണ് സമ്മാനിച്ചത്.
പിന്നാക്ക വിഭാഗക്കാരെ തീർത്തും അവഗണിക്കുന്ന നിലപാട് സ്വീകരിക്കുന്ന ബിജെപി സർക്കാരിനെതിരെ പ്രതിഷേധിച്ചാണ് രാജി വയ്ക്കുന്നതെന്നാണ് രാജിക്കത്തിൽ ദാരാ സിംഗ് ചൗഹാൻ തുറന്നടിച്ചത്. ഒട്ടും വൈകാതെ, ‘സാമൂഹ്യനീതിക്ക് വേണ്ടിയുള്ള പോരാളി’, എന്ന തലക്കെട്ടോടെ ദാരാസിംഗുമായി നിൽക്കുന്ന ചിത്രം എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തു. ദാരാ സിംഗ് ചൗഹാനെ സമാജ്‍വാദി പാർട്ടിയിലേക്ക് സർവാത്മനാ സ്വാഗതം ചെയ്യുകയും ചെയ്തു.