കെ-റെയിൽ സഹസ്രകോടികൾ കൊള്ള നടത്താനുള്ള പദ്ധതി: കെ.സുരേന്ദ്രൻ

October 27, 2021
121
Views

തിരുവനന്തപുരം: കെ-റെയിൽ സഹസ്രകോടികൾ കൊള്ള നടത്താനുള്ള പദ്ധതിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കെ- റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സെക്രട്ടറിയേറ്റ് നടയിൽ നടത്തിയ സമരത്തിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഏത് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കാൻ സർക്കാർ ശ്രമിക്കുന്നത്? ഏത് വിദഗ്ധ ഏജൻസിയുടെ ഉപദേശമാണ് സർക്കാർ സ്വീകരിച്ചത്? ഒരു പഠനവും, ഉപദേശവും ഇല്ലാതെ കേവലം അഴിമതി മാത്രമം ലക്ഷ്യമിട്ടാണ് ഈ പദ്ധതിക്കായി സർക്കാർ വാശി പിടിക്കുന്നത്. ശമ്പളം കൊടുക്കാനും പെൻഷൻ കൊടുക്കാനും വായ്പ്പ എടുക്കുന്ന സർക്കാരാണോ 1,30,000 കോടി രൂപ വിദേശത്ത് നിന്നും കടം വാങ്ങുന്നത്? സംസ്ഥാനത്ത് ട്രെഷറി പ്രവർത്തിക്കുന്നത് കേന്ദ്രം വായ്പ്പ നിരക്ക് ഉയർത്തിയതു കൊണ്ട് മാത്രമാണ്. ഒരു കാരണവശാലും ഈ പദ്ധതിക്ക് കേരളത്തിൽ അംഗീകാരം കൊടുക്കരുതെന്നാണ് ബിജെപിയുടെ നിലപാട്. ഇതിന് വേണ്ടി പിണറായി വിജയൻ കേന്ദ്രത്തിൽ എത്ര സമ്മർദ്ദം ചെലുത്തിയാലും അത് നടക്കില്ല. പാവപ്പെട്ടവർക്ക് ഒരു ഗുണവുമില്ലാത്ത പദ്ധതിയാണിത്. പ്രളയദുരിതം ഓരോ കൊല്ലവും ആവർത്തിക്കുന്ന കേരളത്തിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. കെ-റെയിലിന് വേണ്ടി പശ്ചിമഘട്ടം തുരന്ന് മണ്ണ് എടുക്കാനുള്ള ഏജൻസികൾ വരെ കണ്ണൂരിൽ ഒരുങ്ങി കഴിഞ്ഞു. കഴിഞ്ഞ വർഷം നദിയിൽ നിന്നും മണലെടുക്കാൻ ഏജൻസികളെ ഏൽപ്പിച്ചത് പോലെ പാറമടകളിൽ നിന്നും കല്ലും മണ്ണുമെടുക്കാൻ കണ്ണൂരിലെ ഏജൻസികൾ ഒരുങ്ങി കഴിഞ്ഞു. ജനങ്ങളെ കൊള്ളയടിക്കാനുള്ള കെ-റെയിൽ സിൽവർ ലൈൻ പദ്ധതിക്കെതിരെ രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും ഒന്നിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.

കെ-റെയിൽ വിരുദ്ധ സമരത്തിന് തുടക്കം മുതലേ പിന്തുണ നൽകിയ രാഷ്ട്രീയ പാർട്ടിയാണ് ബിജെപി. ഇത് പാവപ്പെട്ടവരെ സഹായിക്കാനുള്ള പദ്ധതിയല്ല. സർക്കാർ പറയുന്ന സ്പീഡ് ഒന്നും കെ-റെയിലിന് കിട്ടില്ലെന്ന് ഉറപ്പാണ്. മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുമായി കെ-റെയിലിനെ താരതമ്യപ്പെടുത്തുന്നത് അറിവില്ലായ്മയാണ്. രണ്ട് മഹാനഗരങ്ങളെ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ബുള്ളറ്റ് ട്രെയിനും കേരളത്തിലെ ഗ്രാമങ്ങളിലൂടെ പോവുന്ന കെ-റെയിലും തമ്മിൽ എന്ത് ബന്ധമാണുള്ളതെന്നും സുരേന്ദ്രൻ ചോദിച്ചു.

Article Categories:
Kerala · Latest News · Politics

Leave a Reply

Your email address will not be published. Required fields are marked *