വണ്ടൂര്‍ (മലപ്പുറം): സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ച് വീണ്ടും മരണം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മരിച്ച വണ്ടൂര്‍ കുറ്റി മുണ്ടാണിയില്‍ സ്വദേശി വാലഞ്ചേരി അഹമ്മദ് കുട്ടിക്കാണ് ആരോഗ്യ വകുപ്പ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. 75കാരനായ അഹമ്മദ് കുട്ടിക്ക് കോവിഡ് ബാധിച്ചിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡാനന്തര ചികിത്സയില്‍ കഴിഞ്ഞപ്പോഴാണ് ബ്ലാക്ക് ഫംഗസ് ബാധിച്ചത്. തുടര്‍ന്ന് ആരോഗ്യസ്ഥിതി ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ചൊവ്വാഴ്ച വൈകുന്നേരം ആറോടെയായിരുന്നു മരണം. സംഭവത്തില്‍ ആശങ്കപ്പെടാനില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ബ്ലാക്ക് ഫംഗസ് രോഗം കണ്ണിനാണ് ബാധിക്കുന്നത്. നേരത്തേ രോഗം സ്ഥിരീകരിച്ച തിരൂര്‍, പൊന്നാനി സ്വദേശികളുടെ കണ്ണുകള്‍ നീക്കം ചെയ്തിരുന്നു. മരിച്ച അഹമ്മദ് കുട്ടിക്ക് കോവിഡ് നെഗറ്റിവായിരുന്നു.
സംഭവത്തില്‍ മഞ്ചേരി മെഡിക്കല്‍ കോളജാശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി മക്കള്‍ രംഗത്ത്. കഴിഞ്ഞ മാസം 23ന് കോവിഡ് പോസിറ്റിവായതിനെ തുടര്‍ന്ന് ഇദ്ദേഹം ഹോം ക്വാറൈന്റനില്‍ പ്രവേശിച്ചിരുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ മാസം 25ന് മഞ്ചേരി മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സെപ്റ്റംബര്‍ 18ന് കോവിഡ് നെഗറ്റിവായെങ്കിലും കണ്ണിന് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. ഇക്കാര്യം ഡോക്ടര്‍മാരെ അറിയിച്ചെങ്കിലും തുള്ളിമരുന്ന് നല്‍കിയെന്നല്ലാതെ കാര്യമായി ചികിത്സിച്ചില്ലെന്നാണ് പരാതി. ദിവസങ്ങള്‍ക്കകം കാഴ്ച നഷ്ടപ്പെട്ടു. എന്നിട്ടും രോഗം കണ്ടെത്താനുള്ള ഒരു നടപടിയും അധികൃതര്‍ സ്വീകരിച്ചില്ലെന്നും തങ്ങള്‍ നിര്‍ബന്ധപൂര്‍വം ഡിസ്ചാര്‍ജ് വാങ്ങുകയാണുണ്ടായതെന്നും മകന് വി. കുഞ്ഞിമുഹമ്മദ് പറയുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിയപ്പോഴാണ് ഗുരുതരാവസ്ഥ ബോധ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.