ജർമ്മൻ ആഡംബര വാഹന ബ്രാന്‍ഡായ ഐഎക്‌സ് ഇലക്‌ട്രിക് എസ്‌യുവിയെ ഇന്ത്യയില്‍ അവതരിപ്പിച്ചു. 1.16 കോടി രൂപ എക്‌സ്-ഷോറൂം വിലയിലാണ് വാഹനത്തെ അവതരിപ്പിച്ചതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. പൂർണ്ണമായി നിർമ്മിച്ച് ഇറക്കുമതി ചെയ്യുന്ന സിബിയു റൂട്ടിലൂടെ വരുന്ന വാഹനം ബിഎംഡബ്ല്യുവിന്റെ രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് വാഹനമാണ്.
രാജ്യത്തെ എല്ലാ ബിഎംഡബ്ല്യു ഡീലർഷിപ്പുകളിലും കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും വാഹനത്തിനുള്ള ബുക്കിംഗ് കമ്പനി ആരംഭിച്ചു. വാഹനത്തിന്‍റെ ഡെലിവറികൾ 2022 ഏപ്രിലിൽ ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. മെഴ്‌സിഡസ് ഇക്യുസി, ജാഗ്വാർ ഐ-പേസ്, ഔഡി ഇ-ട്രോൺ എന്നിവയ്‌ക്കെതിരെയാകും വാഹനം വിപണിയില്‍ മത്സരിക്കുക.
വൃത്തിയുള്ള മൊബിലിറ്റിയിലേക്കും സുസ്ഥിരമായ ഒരു ഉൽപ്പന്ന നിരയിലേക്കും നീങ്ങാൻ ശ്രമിക്കുന്ന ആഡംബര കമ്പനിയുടെ വലിയ പ്രകടനമാണ് iX എന്ന് ബിഎംഡബ്ല്യു അവകാശപ്പെടുന്നു. വാഹനത്തിന്റെ നിർമ്മാണ പ്രക്രിയയിൽ ഫോസിൽ ഇന്ധനം ഉപയോഗിച്ചിട്ടില്ലെന്നും അപൂർവമായ ലോഹങ്ങൾ ഖനനം ചെയ്‍തിട്ടില്ലെന്നും പ്ലാസ്റ്റിക് മുതൽ തുകൽ വരെ താരതമ്യേന ഉയർന്ന തോതിലുള്ള റീസൈക്കിൾ മെറ്റീരിയലുകൾ കാറിലുണ്ടെന്നും ബിഎംഡബ്ല്യു പറയുന്നു. ബിഎംഡബ്ല്യു വാഹനങ്ങൾ പൊതുവെ ചെയ്യുന്നതുപോലെ മികച്ചതും സുരക്ഷിതവുമായ ഡ്രൈവിംഗ് തുടരുന്ന ഒരു കാർ എന്ന വാഗ്ദാനവും കമ്പനി നല്‍കുന്നു.