ഹൈദരാബാദിലെ സർക്കാർ ആശുപത്രിയ്ക്ക് സമീപം സ്യൂട്ട്‌കേസിൽ യുവതിയുടെ കത്തിക്കരിഞ്ഞ ശരീരഭാഗങ്ങൾ

June 29, 2021
151
Views

ഹൈദരാബാദ്: എസ്.വി.ആർ.ആർ സർക്കാർ ആശുപത്രിക്ക് സമീപം കണ്ടെത്തിയ സ്യൂട്ട്‌കേസിൽ കത്തിക്കരിഞ്ഞ നിലയിൽ യുവതിയുടെ ശരീരഭാഗങ്ങൾ. ഹൈദരാബാദിലാണ് പൊലീസിനെ പോലും ഞെട്ടിച്ച സംഭവം ഉണ്ടായത്. ആശുപത്രിക്ക് സമീപത്തു നിന്ന് അഞ്ച് ദിവസം മുൻപാണ് സ്യൂട്ട്‌കേസ് കണ്ടെത്തിയത്. കൊല്ലപ്പെട്ട യുവതിയെ പൊലീസ് തിരിച്ചറിഞ്ഞു. ചിറ്റൂർ രാമസമുന്ദ്രം സ്വദേശിനി ഭുവനേശ്വരി(27) എന്ന ഐ.ടി പ്രൊഫഷണലാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് കണ്ടെത്തി. യുവതിയുടെ മരണത്തിന് പിന്നിൽ ഭർത്താവായ ശ്രീകാന്ത് റെഡ്ഡിയാണെന്ന് സംശയിക്കുന്നതായും പൊലീസ് അറിയിച്ചു. ഇയാൾ ഒളിവിലാണ്.

സംഭവത്തെ കുറിച്ച്‌ പൊലീസ് നൽകുന്ന സൂചനകൾ ഇങ്ങനെ. ഭുവനേശ്വരിയും കടപ്പ സ്വദേശിയായ ശ്രീകാന്തും 2019 ലാണ് വിവാഹിതരാകുന്നത്. ഇവർക്ക് ഒന്നര വയസുളള ഒരു മകളുണ്ട്. കൊവിഡ് കാലത്ത് ശ്രീകാന്തിന് ജോലി നഷ്ടമായി. തുടർന്ന് ഇവർ തിരുപ്പതിയിലേക്ക് താമസം മാറുകയായിരുന്നു. ജോലി ലഭിക്കാത്തതിനെ തുടർന്ന് മദ്യപാനം ആരംഭിച്ച ശ്രീകാന്ത് ഇതുമായി ബന്ധപ്പെട്ട് ഭാര്യയുമായി വഴക്കിടുന്നത് പതിവാക്കി. തുടർന്ന് ജൂൺ22 നോ, 23 നോ രാത്രിയിൽ വഴക്കിനിടെ ശ്രീകാന്ത് ഭുവനേശ്വരിയെ കൊലപ്പെടുത്തി.

കൊലയ്ക്ക് ശേഷം ഒരു ടാക്സി വിളിച്ച ഇയാൾ ടാക്സി ഡ്രൈവറുടെ സഹായത്തോടെ മൃതദേഹം ആശുപത്രിക്ക് സമീപം ഉപേക്ഷിച്ചു. ശേഷം ഭുവനേശ്വരിയുടെ ബന്ധുക്കളോട് കൊവിഡ് ഡെൽറ്റാ പ്‌ളസ് രോഗം ബാധിച്ച്‌ ഭുവനേശ്വരി മരണമടഞ്ഞതായും മൃതദേഹം ആശുപത്രി അധികൃതർ തന്നെ സംസ്‌കരിച്ചതായും അറിയിച്ചു.

ആശുപത്രിയിലെ സിസിടിവി ക്യാമറയുടെ സഹായത്തോടെ ശ്രീകാന്തിനൊപ്പമുണ്ടായിരുന്ന ടാക്സി ഡ്രൈവറെ കണ്ടെത്തി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് പൊലീസിന് വിവരങ്ങളെല്ലാം ലഭിച്ചത്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *