ബലൂചിസ്ഥാനിലെ നുഷ്‌കി ജില്ലയിലെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിന് മുന്നില്‍ ബോംബ് സ്ഫോടനം.
ഇസ്ലാമാബാദ്: ബലൂചിസ്ഥാനിലെ നുഷ്‌കി ജില്ലയിലെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിന് മുന്നില്‍ ബോംബ് സ്ഫോടനം. ഇന്നലെ വൈകിട്ടോടെയാണ് സംഭവം.
സ്‌ഫോടനത്തില്‍ ആളപായം ഉണ്ടായിട്ടില്ലെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിന് മുന്നിലായി വച്ച സ്‌ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പോലീസ് പുറത്ത് വിട്ട പ്രസ്താവനയില്‍ പറയുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി.
സ്‌ഫോടനം ഉണ്ടായതിന് പിന്നാലെ ഓഫീസും പരിസരപ്രദേശങ്ങളും പോലീസിന്റെ നിയന്ത്രണവലയത്തിലായിരുന്നു. പാകിസ്താൻ പൊതുതിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജ്യത്ത് സ്‌ഫോടനങ്ങളും അക്രമസംഭവങ്ങളും തുടർക്കഥയായിരിക്കുകയാണ്. ഈ മാസം എട്ടിനാണ് രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. പാർട്ടി ആസ്ഥാനങ്ങളും, തിരഞ്ഞെടുപ്പ് ഓഫീസുകളും ലക്ഷ്യമിട്ടാണ് പ്രധാനമായും ആക്രമണങ്ങള്‍ നടക്കുന്നത്.
കഴിഞ്ഞാഴ്ച കറാച്ചിയിലെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിന് പുറത്തും സ്ഫോടനം ഉണ്ടായിരുന്നു. ഓഫീസിന്റെ മതിലിനോട് ചേർന്നുള്ള ബാഗിനുള്ളിലായി ബോംബ് വയ്‌ക്കുകയായിരുന്നു. ഈ സ്‌ഫോടനത്തിലും അന്വേഷണം പുരോഗമിക്കുകയാണ്. വെള്ളിയാഴ്ച ബലൂചിസ്ഥാന്റെ വിവിധ ഭാഗങ്ങളിലായി നടന്ന ഗ്രനേഡ് ആക്രമണങ്ങളില്‍ പിപിപി പ്രവർത്തകർ ഉള്‍പ്പെടെ ആറോളം പേർക്ക് പരിക്കേറ്റിരുന്നു. മുഗള്‍സാരായില്‍ പിപിപി ഓഫീസിന് നേരെ നടത്തിയ ആക്രമണത്തില്‍ മൂന്ന് പാർട്ടി പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു.