അവാസ്‌കുലർ നെക്രോസിസ്: ഇന്ത്യയിൽ ആശങ്കയായി മറ്റൊരു കൊറോണാനന്തര ഗുരുതര രോഗം കൂടി

July 5, 2021
153
Views

ന്യൂഡെൽഹി: കൊറോണാനന്തര വിവിധ രോഗങ്ങളുടെ ആശങ്ക തുടരവേ മറ്റൊരു ഗുരുതര രോഗവും കണ്ടെത്തി. അസ്ഥികോശങ്ങൾ നശിക്കുന്ന ഗുരുതര രോഗമാണ് മുംബൈയിൽ ഇപ്പോൾ കണ്ടെത്തിയത്. മൂന്ന് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. വരും മാസങ്ങളിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുമോ എന്ന ആശങ്കയിലാണ് ഡോക്ടർമാർ. കൊറോണ രണ്ടാം തരംഗത്തിന്റെ മൂർധന്യത്തിൽ കൂടുതൽ ബ്ലാക്ക് ഫംഗസ് കേസുകൾ റിപ്പോർട്ട് ചെയ്തത് രാജ്യത്ത് ആശങ്ക വർധിപ്പിച്ചിരുന്നു. മരണസാധ്യത കൂടുതലാണ് എന്നതാണ് ബ്ലാക്ക് ഫംഗസ് രോഗത്തെ ഭയക്കാൻ മുഖ്യകാരണം.

ഇതിന് പിന്നാലെയാണ് ആഴ്ചകൾക്ക് ഇപ്പുറം മറ്റൊരു ഗുരുതരരോഗം കൊറോണ വന്നവർക്കിടയിൽ റിപ്പോർട്ട് ചെയ്യുന്നത്. അവാസ്‌കുലർ നെക്രോസിസ് എന്ന അസ്ഥികോശങ്ങൾ നശിക്കുന്ന രോഗാവസ്ഥയാണ് മൂന്ന് രോഗികളിൽ കണ്ടെത്തിയത്. ബ്ലാക്ക് ഫംഗസ് പോലെ സ്റ്റിറോയിഡ് കൂടുതലായി ഉപയോഗിക്കുന്നവർക്കിടയിൽ രോഗം വരാൻ സാധ്യത കൂടുതലാണ്. കൊറോണ ഭേദമായി രണ്ടുമാസത്തിന് ശേഷം അവാസ്‌കുലർ നെക്രോസിസ് ബാധിച്ച 40കാരൻ ചികിത്സ തേടി എത്തിയതായി ഹിന്ദുജ ആശുപത്രി അറിയിച്ചു.

തുടയെല്ലിൽ കടുത്ത വേദനയുമായാണ് ചികിത്സ തേടിയെത്തിയത്. സ്റ്റിറോയിഡ് ഉപയോഗിച്ചവരിൽ ആറുമുതൽ ഒരു വർഷത്തിനുള്ളിൽ ഈ അസുഖം വരാനുള്ള സാധ്യത കൂടുതലാണ്. തുടക്കത്തിൽ തന്നെ രോഗനിർണയം നടത്തിയാൽ എളുപ്പം അസുഖം ഭേദമാക്കാൻ സാധിക്കും. അങ്ങനെയങ്കിൽ ശസ്ത്രക്രിയ ഒഴിവാക്കാം.

അസ്ഥികളിലേക്ക് താത്കാലികമായോ പൂർണമായോ രക്തയോട്ടം നിലയ്ക്കുന്നതാണ് അവസ്ഥ. അസ്ഥികോശങ്ങൾ നശിക്കുന്നതോടെ അസ്ഥികളുടെ പ്രവർത്തനം നിലയ്ക്കാം. സന്ധികളെയും ഇത് ബാധിക്കാം.സന്ധിവേദനയാണ് ഇതിന്റെ മുഖ്യലക്ഷണം. സ്റ്റിറോയിഡുകളുടെ ദീർഘകാലമായ ഉപയോഗത്തിന് പുറമേ പരിക്ക്, പൊട്ടൽ, രക്തക്കുഴലുകൾക്ക് തകരാർ സംഭവിക്കൽ എന്നി കാരണങ്ങൾ കൊണ്ടും അവാസ്‌കുലർ നെക്രോസിസ് സംഭവിക്കാമെന്ന് ഡോക്ടർമാർ പറയുന്നു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *