ആറ് മാസം പിന്നിട്ട സാഹചര്യത്തിൽ ആരോഗ്യപ്രവർത്തകർക്ക് വാക്സിൻ ബൂസ്റ്റർ ഡോസ് നൽകുന്നത് കേന്ദ്രസർക്കാർ പരിഗണയിൽ

July 7, 2021
112
Views

ന്യൂഡെൽഹി: ആരോഗ്യപ്രവർത്തകർക്ക് വാക്സിൻ ബൂസ്റ്റർ ഡോസ് നൽകുന്നത് കേന്ദ്രസർക്കാർ പരിഗണിക്കുന്നു. വാക്സിൻ വിതരണം ആരംഭിച്ച് ആറ് മാസം പിന്നിട്ട സാഹചര്യത്തിലാണ് ആലോചന. ബൂസ്റ്റർ ഡോസ് നൽകുന്നതിൽ വ്യക്തത വരുത്തണമെന്ന് സംസ്ഥാനങ്ങളും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ജനുവരിയിൽ ആരോഗ്യപ്രവർത്തകർക്ക് നൽകികൊണ്ടാണ് രാജ്യത്ത് വാക്സിൻ വിതരണം ആരംഭിച്ചത്. ആറ് മാസം പിന്നിട്ട സാഹചര്യത്തിൽ ബൂസ്റ്റർ ഡോസ് കൂടി നൽകുന്നതിലുള്ള ചർച്ചകളിലാണ് കേന്ദ്രസർക്കാർ. വാക്സിനെടുക്കുന്നതിലൂടെ എത്രനാൾ വരെ രോഗപ്രതിരോധ ശക്തി ലഭിക്കുമെന്ന് കൃത്യമായി പറയാനാകില്ലെന്നാണ് ആരോഗ്യമന്ത്രാലയത്തിലെ വിദഗ്ധസമിതിയുടെ അഭിപ്രായം. എന്നാൽ എട്ട് മാസം വരെയെങ്കിലും രോഗപ്രതിരോധശക്തി ലഭിക്കുമെന്നാണ് ഇതുവരെയുള്ള തെളിവുകൾ വ്യക്തമാക്കുന്നത്.

ഹരിയാന, ഛത്തീസ്ഗഡ് അടക്കമുള്ള സംസ്ഥാനങ്ങളും ആരോഗ്യപ്രവർത്തകർക്ക് ബൂസ്റ്റർ ഡോസ് നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഔദ്യോഗികമായി കത്ത് നൽകിയതായി ഹരിയാന അഡീഷണൽ ചീഫ് സെക്രട്ടറി സ്ഥിരീകരിച്ചു.

അതേ സമയം ബൂസ്റ്റർ ഡോസായി ഏത് വാക്സിൻ നൽകുമെന്നതാണ് സങ്കീർണമായ പ്രശ്നം. കൊവാക്സിൻ നൽകിയവർക്ക് ബൂസ്റ്റർ ആയി കൊവിഷീൽഡോ, കൊവിഷീൽഡ് എടുത്തവർക്ക് കൊവാക്സിനോ നൽകണമോയെന്നതിലും ചർച്ച നടത്തി തീരുമാനം എടുക്കേണ്ടിവരും. ഇക്കാര്യം ശാസ്ത്രീയമായി പരിശോധിക്കുന്ന ഘട്ടത്തിലാണെന്നാണ് ഐസിഎംആർ ഡയറക്ടർ ബൽറാം ഭാർഗവ കഴിഞ്ഞ ദിവസം പ്രതികരിച്ചത്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *