പൗരത്വ നിയമ (സി എ എ) ചട്ട വിജ്ഞാപനത്തിന് താത്ക്കാലിക സ്റ്റേ ഇല്ല.
ന്യൂഡല്‍ഹി | പൗരത്വ നിയമ (സി എ എ) ചട്ട വിജ്ഞാപനത്തിന് താത്ക്കാലിക സ്റ്റേ ഇല്ല. സ്‌റ്റേ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹരജികള്‍ സുപ്രീം കോടതി അംഗീകരിച്ചില്ല.
എന്നാല്‍, ഹരജികളില്‍ കേന്ദ്രം മൂന്നാഴ്ചക്കകം മറുപടി നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. ഹരജികളില്‍ ഏപ്രില്‍ ഒമ്ബതിന് വീണ്ടും വാദം കേള്‍ക്കും.
ആരുടെയെങ്കിലും പൗരത്വം റദ്ദാക്കപ്പെടുമെന്ന വാദം തെറ്റാണെന്നും മുന്‍വിധിയോടുള്ള ഹരജികളാണ് വിജ്ഞാപനത്തിനെതിരെ സമര്‍പ്പിക്കപ്പെട്ടിട്ടുള്ളതെന്നും കേന്ദ്രം വാദിച്ചു. നാല് വര്‍ഷത്തിന് ശേഷമാണ് കേന്ദ്രം വിജ്ഞാപനം ഇറക്കിയതെന്ന് മുസ് ലിം ലീഗിനായി ഹാജരായ കപില്‍ സിബല്‍ വാദിച്ചു. ആര്‍ക്കെങ്കിലും പൗരത്വം കിട്ടിയാല്‍ ഹരജികള്‍ നിലനില്‍ക്കില്ലെന്നും അതിനാല്‍ സ്റ്റേ ഉത്തരവ് പുറപ്പെടുവിക്കണമെന്നും സിബല്‍ ആവശ്യപ്പെട്ടു. സ്റ്റേ നല്‍കിയ ശേഷം വിശദമായ വാദം ഏപ്രിലില്‍ കേള്‍ക്കണമെന്ന ആവശ്യവും സിബല്‍ മുന്നോട്ടുവച്ചു.
എന്നാല്‍, നിയമവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ മൂന്ന് മാസം നീണ്ടു നില്‍ക്കുന്നതാണെന്നും സ്റ്റേ ഉത്തരവുണ്ടായാല്‍ അഭയാര്‍ഥികളുടെ അവകാശം ലംഘിക്കപ്പെടുമെന്നുമായിരുന്നു കേന്ദ്രത്തിന്റെ ഇതിനോടുള്ള പ്രതിവാദം. സ്റ്റേ ആവശ്യത്തില്‍ ഏപ്രില്‍ ഒമ്ബതിന് വാദം കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് പറഞ്ഞു.
മുസ് ലിം ലീഗ്, സി പി എം, സി പി ഐ, ഡി വൈ എഫ് ഐ, മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, വിവിധ മുസ്ലീം സംഘടനകള്‍ ഉള്‍പ്പെടെ ആകെ 236 ഹരജികളാണ് ചട്ട വിജ്ഞാപനത്തിനെതിരെ സുപ്രീം കോടതി മുമ്ബാകെയുള്ളത്.