ഹാസനിലെ ജെഡിഎസ് സ്ഥാനാര്‍ത്ഥിയും സിറ്റിങ് എംപിയുമായ പ്രജ്വല്‍ രേവണ്ണക്കെതിരെ ലൈംഗികാതിക്രമത്തിന് കേസ്. 2019മുതല്‍ 2022വരെ പല തവണ പ്രജ്വല്‍ പീഡിപ്പിച്ചെന്ന് യുവതി നല്‍കിയ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്.
ഹൊലനരാസിപൂര്‍ പൊലീസ് സ്റ്റേഷനിലാണ് പ്രജ്വലിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ജെഡിഎസ് അദ്ധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡയുടെ ചെറുമകനാണ് പ്രജ്വല്‍.
പ്രജ്വലിന്റേതെന്ന പേരില്‍ സമൂഹമാധ്യമത്തില്‍ അശ്ലീല വീഡിയോകള്‍ പ്രചരിച്ചതിനു പിന്നാലെയാണ് പരാതിയുമായി യുവതി രംഗത്തെത്തിയത്. കൂടുതല്‍ സ്ത്രീകള്‍ പരാതിയുമായി രംഗത്തെത്തുമെന്നാണ് സൂചന. അതേസമയം വീഡിയോകള്‍ പുറത്തുവന്നതിനു പിന്നാലെ പ്രജ്വല്‍ ജര്‍മ്മനിയിലേക്ക് കടന്നുകളഞ്ഞതായാണ് ലഭിക്കുന്ന വിവരം. ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലേക്കാണ് പ്രജ്വല്‍ പോയതെന്നാണ് സൂചന. എന്നാല്‍ ഈ വിവരം ജെഡിഎസ് സ്ഥിരീകരിച്ചിട്ടില്ല.
വിഷയത്തില്‍ നടപടിയെടുക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ പുറത്തുവന്ന വീഡിയോകളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രത്യേക സംഘത്തെ നിയമിച്ചു. ലഭിച്ച പരാതി അന്വേഷണത്തിനായി സംഘത്തിന് കൈമാറും. വോട്ടെടുപ്പിന് അടുത്ത ദിവസമാണ് മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാല്‍ അതിന് മുന്‍പ് തന്നെ പ്രജ്വല്‍ രാജ്യം വിട്ടിരുന്നു.
അതേസമയം വീഡിയോ വ്യാജമാണെന്ന് ചൂണ്ടിക്കാണിച്ച് പ്രജ്വലിന്റെ പോളിങ് ഏജന്റ് പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ പ്രജ്വലിനെതിരായ ലൈംഗികാരോപണത്തില്‍ ഒന്നും പറയാനില്ലെന്നായിരുന്നു ബിജെപിയുടെ നിലപാട്. പ്രചരിക്കുന്ന വിഡിയോ ദൃശ്യത്തെ കുറിച്ചോ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തിലോ പാര്‍ട്ടിക്ക് ഒന്നും ചെയ്യാനില്ലെന്നാണ് സംസ്ഥാന ബിജെപി വക്താവ് എസ് പ്രകാശ് പ്രതികരിച്ചത്. ഹാസനില്‍ രണ്ടാംഘട്ട വോട്ടെടുപ്പിലാണ് പോളിങ് നടന്നത്. ഇതിനു രണ്ടുദിവസം മുന്‍പായിരുന്നു വീഡിയോ പുറത്തുവന്നത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലാണ് പ്രജ്വല്‍ മണ്ഡലത്തില്‍ വിജയിച്ചത്.