കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ അക്രമ സംഭവങ്ങളെക്കുറിച്ചുള്ള ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ടിലെ 21 ബലാത്സംഗ, ബലാത്സംഗ ശ്രമക്കേസുകളിൽ തെളിവൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് സിബിഐ. കൊൽക്കത്ത ഹൈക്കോടതിയെയാണ് സിബിഐ ഇക്കാര്യം അറിയിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടു ചെയ്തു.
പശ്ചിമ ബംഗാളിലെ സംഘർഷത്തിനിടെ 64 ബലാത്സംഗങ്ങളോ, ബലാത്സംഗ ശ്രമങ്ങളോ ഉണ്ടായി എന്നായിരുന്നു ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് 39 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 21 എണ്ണത്തിലും മതിയായ തെളിവുകളില്ലാത്തത് കൊണ്ട് ബംഗാൾ പ്രത്യേകാന്വേഷണ സംഘത്തിന് അയച്ചിട്ടുണ്ട്. മറ്റു നാലു കേസുകളെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നുമാണ് സിബിഐ കോടതിയിൽ അറിയിച്ചത്. ഇതിനൊപ്പം തന്നെ രണ്ട് കൊലപാതകക്കേസുകൾ കൂടുതൽ വിവരങ്ങൾക്കായി ബംഗാൾ പ്രത്യേകാന്വേഷണ സംഘത്തിന് തിരിച്ചയച്ചിട്ടുണ്ടെന്ന് സിബിഐ വ്യക്തമാക്കി.
ബംഗാൾ തിരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ഉണ്ടായ 52 കൊലപാതക, അസ്വാഭാവിക മരണങ്ങളിൽ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്. ഇതിൽ 10 എണ്ണത്തിൽ ഇതിനകം തന്നെ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. 38 കേസുകൾ അന്വേഷണത്തിന്റെ വിവിധ ഘട്ടത്തിലാണെന്ന് സിബിഐ വ്യക്തമാക്കി. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോർട്ടിൽ 59 കൊലപാതകക്കേസുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിൽ 29 എണ്ണം സർക്കാർ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ബംഗാളിന്റെ വിവിധ ഭാഗങ്ങളിൽ തൃണമൂൽ-ബിജെപി പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടിയിരുന്നു. 14 ബിജെപി പ്രവർത്തകർ തൃണമൂൽ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നായിരുന്നു ബിജെപി അധ്യക്ഷൻ ജെ.പി നഡ്ഡ പറഞ്ഞത്. ആക്രമണത്തിൽ പാർട്ടികൾ പരസ്പരം പഴിചാരുകയാണ് ഉണ്ടായിട്ടുള്ളത്. ഇതിന് പിന്നാലെയാണ് അക്രമവുമായി എല്ലാ കേസുകളും സിബിഐ ഏറ്റെടുക്കണമെന്ന് കൊൽക്കത്ത ഹൈക്കോടതി നിർദേശിച്ചത്.