മലവെള്ള പാച്ചിലിൽ ചാലിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

July 2, 2021
165
Views

കോഴിക്കോട്: കോടഞ്ചേരി ചാലിപ്പുഴയിൽ ഇന്നലെ വൈകുന്നേരം ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് കിണാശ്ശേരി തച്ചറക്കൽ പരേതനായ തമ്പിളിൽ മുഹമ്മദിൻ്റെ മകനായ അൻസാർ മുഹമ്മദിന്റെ മൃതദേഹമാണ് പുലിക്കയം ഭാ​ഗത്ത് നിന്ന് കണ്ടെത്തിയത്. പെരുമണ്ണ പുതിയോട്ടിൽ ഇർഷാദിന്റെ ഭാര്യ ആയിഷ നിഷില (21) കിണാശ്ശേരി സ്വദേശി അൻസാർ മുഹമ്മദ്(26) എന്നിവരെ ഇന്നലെയാണ് ചാലിപ്പുഴയിലെ ഒഴുക്കിൽപെട്ട് കാണാതായത്. നിഷിലയുടെ മൃതദേഹം ഇന്നലെ ലഭിച്ചിരുന്നു. ഇന്നലെ കാലാവസ്ഥ മോശമായതിനെ തുടർന്ന് തെരച്ചിൽ നിർത്തിവെച്ചിരുന്നു. സുഹറാബിയാണ് അൻസാർ മുഹമ്മദിന്റെ മാതാവ്. സഹോദരങ്ങൾ തസ്ലീന, ഫസീല, ജസീല.

സുഹൃത്തുക്കളായ ഇർഷാദ്, ഭാര്യ ആയിഷ നിഷില, അൻസാർ, അജ്മൽ എന്നിവർ രണ്ട് ബൈക്കുകളിലായാണ് സ്ഥലത്തെത്തിയത്. വയനാട് കമ്പളക്കാട് പോയി വരുന്ന വഴിക്ക് ആണ് ഇവർ ചാലിപ്പുഴയിൽ ഇറങ്ങിയത്. ചൂരമുണ്ടയിൽ ചാലിപ്പുഴയിലെ പുളിഞ്ചോട്ടിൽ കയത്തിന് സമീപം ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ശേഷം ഇവർ പുഴയിലെ കല്ലുകളിൽ ഇരിക്കുന്നതായി സമീപവാസികൾ കണ്ടിരുന്നു. പിന്നീട് പുഴയിൽ കുളിക്കുന്നതിനിടയിൽ ശക്തമായ മലവെള്ളപ്പാച്ചിലുണ്ടാവുകയും ഒഴുക്കിൽപ്പെടുകയുമായിരുന്നു.

ഇവരുടെ കൂടെ ഒഴുക്കിൽപ്പെട്ട് നീന്തി രക്ഷപ്പെട്ട ഇർഷാദ്, അജ്മൽ എന്നിവർ അൻസാറിന്റെ മാതൃ സഹോദരിയുടെ മക്കളാണ്. നീന്തി രക്ഷപ്പെട്ട ഇവർ പേർ പരിസരവാസികളെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് കോടഞ്ചേരി പൊലീസും മുക്കം ഫയർ ഫോഴ്സും സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം ആരംഭിച്ചു.

അതേസമയം, മരണപ്പെട്ട അൻസാർ മുഹമ്മദിൻ്റെ മൃതദേഹം കരക്കെത്തിക്കുന്നതിനിടയിൽ സമീപവാസി കുഴഞ്ഞു വീണു മരിച്ചു. പള്ളിത്താഴത്ത് ജയപ്രകാശ് (56) ആണ് കുഴഞ്ഞ് പുഴയിൽ വീണത്. സന്നദ്ധ സേന പ്രവർത്തകർ ഉടനെതന്നെ ഇദ്ദേഹത്തെ കരയ്ക്ക് എത്തിച്ചിരുന്നു. ഉടൻ തന്നെ രക്ഷാപ്രവർത്തകർ പ്രാഥമിക ചികിത്സ നൽകി ആംബുലൻസിൽ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും വഴിയിൽ വച്ച് മരണം സംഭവിക്കുകയായിരുന്നു. ഇന്ദിരയാണ് ഭാര്യ. മക്കൾ: ലീന, അഞ്ജന.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *