ഇന്ത്യയുടെ മൂന്നാമത് ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ-3 ന്റെ ഭാഗമായി പേടകം വിക്ഷേപണത്തിനായി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെത്തിച്ചു.
ന്യൂഡല്‍ഹി: ഇന്ത്യയുടെ മൂന്നാമത് ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ-3 ന്റെ ഭാഗമായി പേടകം വിക്ഷേപണത്തിനായി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെത്തിച്ചു.
വിക്ഷേപണം ജൂലൈയിലുണ്ടാകുമെന്ന് ഐഎസ്‌ആര്‍ഒ സ്ഥിരീകരിച്ചു. ജൂലൈ 12-ന് വിക്ഷേപിക്കുന്ന പേടകം ഓഗസ്റ്റ് 23-ന് ചന്ദ്രനിലെത്തുമെന്നാണ് വിലയിരുത്തല്‍.
ലാൻഡര്‍ മൊഡ്യൂള്‍, പ്രൊപ്പല്‍ഷൻ മൊഡ്യൂള്‍, റോവര്‍ എന്നിങ്ങനെ തദ്ദേശീയമായി വികസിപ്പിച്ച മൂന്ന് മൊഡ്യൂളുകളാണ് ചന്ദ്രയാൻ മൂന്നിലുള്ളത്. ഇസ്രോ ഇതുവരെ നിര്‍മ്മിച്ച റോക്കറ്റുകളിലെ കരുത്തേറിയ ജിഎസ്‌എല്‍വി മാക്3 -യാണ് വിക്ഷേപണ വാഹനം. ചന്ദ്രന് ചുറ്റും കറങ്ങുന്ന മാതൃപേടകത്തില്‍ നിന്ന് വേര്‍പ്പെടുന്ന ലാൻഡര്‍ ചന്ദ്രനിലെ മുൻകൂട്ടി നിശ്ചയിച്ചയിടത്ത് സോഫ്റ്റ് ലാൻഡിംഗ് നടത്തും. തുടര്‍ന്ന് ഇതില്‍ നിന്ന് വേര്‍പെടുന്ന റോവര്‍ ചന്ദ്രോപരിതലത്തില്‍ സഞ്ചരിച്ച് പരീക്ഷണങ്ങള്‍ നടത്തും. ചന്ദ്രന്റെ ഭ്രമണപഥത്തില്‍ നിന്ന് ഭൂമിയുടെ സ്‌പെക്രല്‍, പോളാര്‍മെട്രിക് അളവുകള്‍ പഠിക്കുന്ന സ്‌പെക്‌ട്രോ പോളമറി ഓഫ് ഹാബിറ്റബിള്‍ പ്ലാനറ്റ് എര്‍ത്ത് ഉപകരണവും പ്രൊപ്പല്‍ഷൻ മൊഡ്യൂളും ഉണ്ടാകും. സങ്കീര്‍ണമായ നിരവധി രാസപരിശോധനകള്‍ റോവര്‍ ചന്ദ്രോപരിതലത്തില്‍ നടത്തും.
ദൗത്യത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് സാദ്ധ്യമായ എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ട്. ചന്ദ്രയാൻ 2 വിക്ഷേപിച്ച അനുഭവത്തില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ടായിരിക്കും വിക്ഷേപണം. വിക്ഷേപണത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണെന്ന് ഐഎസ്‌ആര്‍ഒ അറിയിച്ചു. ഒരേ സമയം ഉത്സാഹഭരിതവും ആശങ്കാഭരിതവുമാണ് ഇപ്പോഴത്തെ അവസ്ഥ. ജൂലൈയില്‍ വിക്ഷേപണം നടത്താനാകുമെന്നാണ് പ്രതീക്ഷയെന്നും യുആര്‍ റാവു സാറ്റ്‌ലൈറ്റ് സെന്റര്‍ ഡയറക്ടര്‍ എം ശങ്കരൻ പറഞ്ഞു. ബെംഗളൂരുവിലെ യുആര്‍ റാവു സാറ്റലൈറ്റ് സെന്ററിലാണ് ഇന്ത്യയുടെ മൂന്നാം ചാന്ദ്ര ദൗത്യത്തിനുള്ള പേലോഡ് വിജയകരമായി കൂട്ടിയോജിപ്പിച്ചത്.
2019 ജൂലൈ 22-ന് വിക്ഷേപിച്ച ചന്ദ്രയാൻ-2 ന്റെ പിന്തുടര്‍ച്ചയായാണ് ഈ ദൗത്യം. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ റോവര്‍ ലാൻഡ് ചെയ്യാനായിരുന്നു അന്ന് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ വിജയകരമായി വിക്ഷേപിച്ചെങ്കിലും ലാൻഡിംഗിന് മിനിറ്റുകള്‍ക്ക് മുൻപ് വിക്രം ലാൻഡര്‍ ചന്ദ്രോപരിതലത്തില്‍ തകര്‍ന്നതിനെത്തുടര്‍ന്ന് പദ്ധതി പരാജയപ്പെടുകയായിരുന്നു. 2008-ല്‍ ചന്ദ്രായാൻ ഒന്ന് ദൗത്യം ഇന്ത്യ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. ദേശീയപതാക ആലേഖനം ചെയ്ത പേടകം ചന്ദ്രേപരിതലത്തില്‍ ഇറക്കുകയായിരുന്നു ആദ്യ ദൗത്യത്തില്‍ ചെയ്തത്. അവാസനഘട്ടത്തില്‍ പരാജയപ്പെട്ട ചന്ദ്രയാൻ 2-ന്റെ തനിപ്പകര്‍പ്പ് ആയിരിക്കില്ല ചന്ദ്രയാൻ 3. എന്നാല്‍ മുൻഗാമിയുടെ അതേ ഭ്രമണപഥമായിരിക്കും ചന്ദ്രയാൻ മൂന്നിന്റെയും സഞ്ചാരപ്പാത.
സൗരപഠന ദൗത്യമായ ആദിത്യ എല്‍1, ഭാരതീയരെ സ്വന്തം പേടകത്തില്‍ ബഹിരാകാശത്ത് എത്തിക്കുന്ന ഗഗൻയാൻ തുടങ്ങിയ നിര്‍ണായക ദൗത്യങ്ങളും ഈ വര്‍ഷം പ്രാവര്‍ത്തികമാക്കുന്നതിന്റെ അവസാന ഘട്ടത്തിലാണെന്നും ഐഎസ്‌ആര്‍ഒ അറിയിച്ചു. വിക്ഷേപണ വാഹനങ്ങള്‍ പൂര്‍ണമായും പുനരുപയോഗിക്കാവുന്ന സാങ്കേതികവിദ്യ ഇസ്രോ അടുത്തിടെ വിജയകരമായി പരീക്ഷിച്ചിരുന്നു.