ചെന്നൈ: വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ. രാമനാഥപുരത്തെ എയ്ഡഡ് സ്‌കൂളിലെ സയൻസ് അധ്യാപകനാണ് അറസ്റ്റിലായത്.
കുട്ടികളുടെ മൊബൈൽ നമ്പറുകൾ വാങ്ങിയ അധ്യാപകൻ ഇവരെ നിരന്തരം ഫോൺവിളിച്ച് ശല്യപ്പെടുത്തുകയും അശ്ലീലമായി സംസാരിക്കുകയും പതിവായിരുന്നു. സ്‌പെഷൽ ക്ലാസ് എന്ന പേരിൽ വിദ്യാർഥിനികളെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. താൻ പറയുന്നത് അനുസരിച്ചില്ലെങ്കിൽ പരീക്ഷയിൽ തോൽപ്പിക്കുമെന്നായിരുന്നു ഭീഷണി.
കഴിഞ്ഞ ദിവസം വിദ്യാർഥിനിയെ വിളിച്ച് അധ്യാപകൻ സംസാരിക്കുന്ന ഫോൺ സംഭാഷണം പുറത്തുവന്നിരുന്നു. വീട്ടിലേക്ക് വരാനായി വിദ്യാർഥിനിയെ ഇയാൾ നിർബന്ധിക്കുന്നതാണ് സംഭാഷണത്തിൽ ഉള്ളത്. നിരവധി പേർ നേരത്തെയും തന്റെ വീട്ടിൽ വന്നതായും അധ്യാപകൻ പറയുന്നു. വിവരം പുറത്തുവന്നതോടെ രക്ഷിതാക്കൾ ഉൾപ്പെടെ വൻ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ അധ്യാപകനെ പോക്‌സോ നിയമം ചുമത്തി അറസ്റ്റ് ചെയ്തു.