ഓരോ രാജ്യങ്ങളും തങ്ങളുടെ സംസ്‌കാരങ്ങള്‍ക്ക് അനുസൃതമായ നിയമങ്ങളും ചട്ടങ്ങളുമാണ് പിന്തുടരുന്നത്.
ഓരോ രാജ്യങ്ങളും തങ്ങളുടെ സംസ്‌കാരങ്ങള്‍ക്ക് അനുസൃതമായ നിയമങ്ങളും ചട്ടങ്ങളുമാണ് പിന്തുടരുന്നത്. എങ്കിലും ചിലതൊക്കെ ആ രാജ്യത്തെ പൗരന്മാര്‍ക്ക് അംഗീകരിക്കാനും പാലിക്കാനും ബുദ്ധിമുട്ടും ഉണ്ടാകും.
ഇത്തരത്തിലൊരു നിയമവുമായിട്ടാണ് ചൈന ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. കാരണം ചില പ്രത്യേകതരം വസ്ത്രങ്ങള്‍ക്കും വാക്കുകള്‍ക്കുമെല്ലാം ചൈന വിലക്കേര്‍പ്പെടുത്താന്‍ ഒരുങ്ങുന്നതായിട്ടാണ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, ചൈനീസ് ജനതയുടെ സംസ്‌കാരത്തിന് ഹാനികരവും ജനതയുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതുമായ വസ്ത്രധാരണവും സംസാരവും ഉള്‍പ്പെടെയുള്ള പെരുമാറ്റവും നിരോധിക്കും എന്നാണ് പുറത്തുവരുന്ന വിവരം.
ചൈനയിലെ നിയമസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയാണ് നിയമത്തിന്റെ ഡ്രാഫ്റ്റ് പുറത്തുവിട്ടത്, ഈ വര്‍ഷം തന്നെ അവ നിലവില്‍ വരുത്തണം എന്നാണ് ആലോചിക്കുന്നത് . നിയമം ലംഘിച്ചാല്‍ 15 ദിവസം വരെ തടവോ അതുമല്ലെങ്കില്‍ 5,000 യുവാന്‍ (56,470) വരെ പിഴയോ കിട്ടാം. എന്നാല്‍, എങ്ങനെയൊക്കെയുള്ള സംസാരങ്ങളും വസ്ത്രങ്ങളുമാണ് സര്‍ക്കാര്‍ നിരോധിക്കുക എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. 1.4 ബില്യണ്‍ ജനങ്ങളുള്ള ചൈനയില്‍ വിയോജിപ്പുകളെ അടിച്ചമര്‍ത്താനുള്ള ശ്രമമാണ് പ്രസിഡന്റ് ഷി ജിന്‍പിങ് നടത്തുന്നത്, അതിന് ഉദാഹരണമാണ് ഈ ഡ്രാഫ്റ്റ് എന്ന വിമര്‍ശനം ഉയരുന്നുണ്ട്.
നേരത്തെയും വസ്ത്രത്തിന്റെയും മറ്റും പേരില്‍ ജനങ്ങള്‍ക്കെതിരെ നടപടികള്‍ ഉണ്ടായിട്ടുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പരമ്ബരാഗത ജാപ്പനീസ് വസ്ത്രമായ കിമോണോ ധരിച്ചതിന് ഷാങ്ഹായ്ക്ക് സമീപമുള്ള സുഷൗ നഗരത്തില്‍ കഴിഞ്ഞ വര്‍ഷം ഒരു സ്ത്രീയെ ജയിലിലടച്ചിരുന്നു. അതുപോലെ, വിവിധ പരിപാടികളില്‍ റെയിന്‍ബോ ഷര്‍ട്ടുകള്‍ ധരിക്കുന്നവര്‍ക്കും LGBTQ ആയിട്ടുള്ള ആളുകളെ പിന്തുണച്ചുകൊണ്ടുള്ള പതാകയും മറ്റും വിതരണം ചെയ്യുന്നവര്‍ക്ക് നേരെയും നടപടികള്‍ ഉണ്ടായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ കടുത്ത വിമര്‍ശനമാണ് ആളുകളുടെ ഭാഗത്ത് നിന്ന് ഉയരുന്നത്.