മഴ മാറിയതോടെ സംസ്ഥാനത്ത് പകല്‍ സമയത്ത് ചൂടേറുന്നു
തിരുവനന്തപുരം: മഴ മാറിയതോടെ സംസ്ഥാനത്ത് പകല്‍ സമയത്ത് ചൂടേറുന്നു. കഴിഞ്ഞ ദിവസം പകല്‍ സമയത്തെ താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നിരുന്നു.
തുലാവര്‍ഷം നാളെ തെക്കേ ഇന്ത്യയില്‍ നിന്ന് പൂര്‍ണമായി മാറുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഇതോടെ സംസ്ഥാനത്ത് വരുന്ന രണ്ട് ആഴ്ചക്കാലത്തേക്ക് അന്തരീക്ഷ താപനില ഉയരാൻ സാധ്യതയുണ്ട്.
36. 2 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തിയ കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറില്‍ കോട്ടയത്തും ആലപ്പുഴയിലും 35 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തി. കൊച്ചിയിലും കോഴിക്കോടും താപനില 34 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. എല്ലാ ജില്ലകളിലും താപനില 30 ഡിഗ്രി സെല്‍ഷ്യസിന് മേലെയാണ് രേഖപ്പെടുത്തുന്നത്. അതേസമയം രാത്രി കാലങ്ങളില്‍ താപനില 21 ഡിഗ്രി മുതല്‍ 24 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്.
ഡിസംബര്‍ ആദ്യ ആഴ്ച മുതല്‍ സാധാരണ ലഭിക്കുന്നതിനെക്കാള്‍ അധിക മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. നാളെയോടെ തുലാവര്‍ഷം പൂര്‍ണമായും പിൻവാങ്ങുന്നതോടെ തെലങ്കാന മുതല്‍ ലക്ഷദ്വീപ് വരെ മഴയുടെ അളവില്‍ കുറവുണ്ടാകുമെന്നും കലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.