റമീസിന്റെ അപകട മരണത്തില്‍ അന്വേഷണം നടക്കുന്നുണ്ട്‌: കള്ളക്കടത്ത്‌ തടയേണ്ടത് കേന്ദ്ര സര്‍ക്കാര്‍; മുഖ്യമന്ത്രി

July 28, 2021
136
Views

സ്വര്‍ണക്കള്ളക്കടത്ത്‌ നിയന്ത്രിക്കാനുള്ള സമ്ബൂര്‍ണ്ണ അധികാരവും അവകാശവും കേന്ദ്ര സര്‍ക്കാരിനാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. റമീസിന്റെ അപകടമരണത്തെ കുറിച്ച്‌ സഹോദരന്‍ റജിനാസ്‌ നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കുകയാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അടിയന്തര പ്രമേയ നോട്ടീസിന്‌ മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ യൂണിയന്‍ ലിസ്റ്റിലാണ് കസ്റ്റംസ് ഉള്‍പ്പെടുന്നത്. സ്വര്‍ണ്ണക്കള്ളക്കടത്ത് ഇല്ലാതാക്കുന്നതിന് കേന്ദ്ര സര്‍ക്കാരും അതിന്റെ ഏജന്‍സികള്‍ക്കുമാണ് അധികാരം, സംസ്ഥാന സര്‍ക്കാരിനല്ല.

അതേസമയം കള്ളക്കടത്ത് സ്വര്‍ണ്ണം വിറ്റഴിക്കുന്നതുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകുന്ന കേസുകളില്‍ ശക്തമായ നടപടി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. റമീസിന്റെ അപകടവുമായി ബന്ധപ്പെട്ട കാര്യത്തിലും അന്വേഷണം നടന്നുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേസില്‍ ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. മാത്രമല്ല, സാക്ഷികളുടെ മൊഴികളും രേഖപ്പെടുത്തിയിട്ടുണ്ട്. ശേഖരിച്ച സിസിടിവി ദൃശ്യങ്ങളില്‍ റമീസ് ഹെല്‍മറ്റ് ധരിക്കാതെയാണ് ബൈക്കില്‍ യാത്ര ചെയ്തിരുന്നതെന്ന് പൊലീസ്‌ വ്യക്തമാക്കിയിട്ടുണ്ട്. അഴീക്കല്‍ കപ്പക്കടവിലെത്തിയ ശേഷം വലതുവശത്തുളള തോണിയിന്‍ കടവ് റോഡിലേക്ക് പെട്ടെന്ന് തിരിഞ്ഞപ്പോഴാണ് റമീസിന്റെ വാഹനം കാറിന്റെ വലതുവശത്ത് ഇടിച്ച്‌ അപകടമുണ്ടായത്‌.

റമീസിന്റെ മരണത്തിനിടയാക്കിയത് വാഹന അപകടത്തില്‍ തലയ്ക്കും വാരിയെല്ലുകള്‍ക്കുമേറ്റ ഗുരുതര പരിക്കാണെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വെളിവായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Article Categories:
Latest News

Leave a Reply

Your email address will not be published. Required fields are marked *