കോൺഗ്രസ് ഡിസിസി അധ്യക്ഷ പട്ടിക : പരസ്യ പ്രതികരണത്തിൽ ഹൈക്കമാൻഡിന് അതൃപ്തി

August 29, 2021
223
Views

ന്യൂ ഡെൽഹി: കോൺഗ്രസ് ഡിസിസി അധ്യക്ഷ പട്ടിക പുറത്ത് വന്നതിന് പിന്നാലെ നേതാക്കൾ നടത്തുന്ന പരസ്യ പ്രതികരണത്തിൽ ഹൈക്കമാൻഡിന് അതൃപ്തി. നേതാക്കളുടെ ആവശ്യം അംഗീകരിച്ചത് പൊട്ടിത്തെറിയുണ്ടാകില്ലെന്ന ഉറപ്പിന്മേലായിരുന്നുവെന്നും പ്രതിഷേധം ഉണ്ടാകില്ലെന്ന് ഗ്രൂപ്പ് നേതാക്കൾ ഉറപ്പ് നൽകിയിരുന്നുവെന്നും ഹൈക്കമാൻഡ് വൃത്തങ്ങൾ പ്രതികരിച്ചു. പരസ്യ വിഴുപ്പലക്കൽ പാടില്ലെന്നും പരാതി പാർട്ടിക്കുള്ളിലാണ് ഉന്നയിക്കേണ്ടതെന്നും ഹെക്കമാൻഡ് നിർദ്ദേശിച്ചിരുന്നുവെന്നാണ് വിവരം.

ഡിസിസി അധ്യക്ഷ പ്രഖ്യാപനം വന്നതിന് പിന്നാലെ കോണ്‍ഗ്രസില്‍ വലിയ പൊട്ടിത്തെറിയാണ് ഉണ്ടായത്. പരസ്യ പ്രതികരണം നടത്തിയ കെ പി അനില്‍കുമാറിനും ശിവദാസന്‍ നായര്‍ക്കും എതിരെ നടപടിയെടുത്ത് സംസ്ഥാന നേതൃത്വം മുന്നറിയിപ്പ് നൽകിയെങ്കിലും ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കം മുതിർന്ന നേതാക്കളും നടപടിയെ ചോദ്യം ചെയ്തും പട്ടികയിൽ അതൃപ്തി പ്രകടിപ്പിച്ചും പരസ്യ വിമർശനവുമായി രംഗത്തെത്തി. അധ്യക്ഷന്മാരെ തീരുമാനിക്കുന്നതില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണമായിരുന്നെന്ന് ഇരുനേതാക്കളും പറഞ്ഞു.

ഫലപ്രദമായ ചര്‍ച്ച നടന്നില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഡിസിസി അധ്യക്ഷ പട്ടികയ്ക്ക് എതിരെ പരസ്യവിമര്‍ശനം നടത്തിയതിന് നേതാക്കളെ സസ്പെന്‍റ് ചെയ്തതിൽ അതൃപ്തി അറിയിച്ച ഉമ്മന്‍ ചാണ്ടി, നടപടിക്ക് മുമ്പ് വിശദീകരണം തേടണമായിരുന്നു എന്നും കൂട്ടിച്ചേർത്തു. വിഡി സതീശൻ- കെ സുധാകരൻ നയിക്കുന്ന സംസ്ഥാന നേതൃത്വത്തിന് എതിരെ അസാധാരണ നീക്കമാണ് എ, ഐ ഗ്രൂപ്പുകൾ നടത്തുന്നത്. ചർച്ച നടത്തി തീരുമാനം എടുക്കുന്നതിൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന് വീഴ്ച വന്നുവെന്ന് കെ സി ജോസഫും പ്രതികരിച്ചു.

കോൺഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ട് പോകേണ്ട സാഹചര്യത്തിൽ, അനൈക്യം ഉണ്ടാകാതിരിക്കാൻ കേരളത്തിലെ പാർട്ടി നേതൃത്വം ശ്രമിക്കേണ്ടതായിരുന്നു. സമവായം ഉണ്ടാക്കി വേണമായിരുന്നു പട്ടിക നൽകേണ്ടത്അത് ഉണ്ടാകാത്തതിൽ വേദനയുണ്ട്. പി അനിൽകുമാറിന് എതിരെയും ശിവദാസൻ നായർക്കെതിരെയും നടപടിയെടുത്തത് ജനാധിപത്യരീതിയിൽ അല്ല. വിശദീകരണം ചോദിക്കുക എന്നതാണ് സാമാന്യ മര്യാദയെന്നാണ് കെസി ജോസഫിന്റെ പ്രതികരണം.

അതേ സമയം സംസ്ഥാന നേതൃത്വത്തിന് പൂർണ പിന്തുണയറിയിച്ച് കെ മുരളീധരൻ രംഗത്തെത്തി. ഡിസിസി പട്ടികയെ സ്വാഗതം ചെയ്ത മുരളീധരൻ, എല്ലാ കാലത്തേക്കാളും കൂടുതൽ വിശാലമായ ചർച്ച ഇത്തവണ നടന്നുവെന്നും പ്രതികരിച്ചു. എം പി, എംഎൽഎമാർ, മുൻ പ്രസിഡൻ്റുമാർ എന്നിങ്ങനെ എല്ലാവരുമായി ഇത്തവണ ചർച്ച നടന്നു, മുതിർന്ന നേതാക്കളുമായി ചർച്ച നടത്തി മാറ്റം വരുത്തി. ഇന്നത്തെ സാഹചര്യത്തിൽ മെച്ചപ്പെട്ട പട്ടികയാണിതെന്നും മുരളീധരൻ പ്രതികരിച്ചു.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *