മെസിക്ക് ഇത് സ്വപ്ന കോപ്പ; ആദ്യ രാജ്യാന്തര കിരീടത്തിൽ മുത്തമിട്ട് ഫുട്ബോൾ മിശിഹ

July 11, 2021
381
Views

ഒടുവിൽ കാൽപ്പന്തു കളിയിലെ മിശിഹാ പൂർണനായിരിക്കുകയാണ്. രാജ്യാന്തര കരിയറിൽ കിരീടം വെക്കാത്ത രാജാവായി കളിക്കളം വിടേണ്ടി വരുമോ എന്ന ആരാധകരുടെ നോവിന് വിരാമമായിരിക്കുന്നു. ഒരു ലോകകിരീടം ആധുനിക ഫുട്ബോളിലെ രാജാവിനെ അലങ്കരിച്ചിരിക്കുന്നു. ലോകമെമ്ബാടുമുള്ള അർജന്റീനയുടെ ആരാധകർ ആവേശത്തിന്റെ കൊടുമുടിയിലാണ്. അവർ കാത്തിരുന്ന സുന്ദര നിമിഷത്തിന് വേദിയായത് ബ്രസീലിന്റെ തറവാട്ടു മുറ്റമായ ‘മാറക്കാന’യാണെന്നത് വിജയത്തിന്റെ മധുരം വർധിപ്പിക്കുകയാണ്.

ഇത്തവണത്തെ കോപ്പ അമേരിക്ക കിരീടത്തിലേക്കുള്ള അർജന്റീനയുടെ യാത്രയിൽ മെസ്സി പോക്കറ്റിലാക്കിയത് നാലു ഗോളുകളാണ്. അഞ്ച് തവണ ഗോളിന് വഴിയൊരുക്കി. അയാളുടെ വേഗമേറിയ കാലുകളെ ഒരു രാജ്യം എത്ര മേൽ ആശ്രയിച്ചിരിക്കുന്നു എന്നതിന്റെ നേർസാക്ഷ്യങ്ങളാണിതെല്ലാം. എതിരാളികൾ കെട്ടിയ ശക്തമായ പ്രതിരോധ മതിലുകളിൽ വിള്ളൽ വീഴ്ത്തിക്കൊണ്ടാണ് അയാൾ ഇത്രയും തവണ ലക്ഷ്യത്തിലേക്ക് നിറയൊഴിച്ചത്. ടൂർണമെന്റിലെ താരമായി തിരഞ്ഞെടുത്തിരിക്കുന്നതും മെസ്സിയെയാണ്. 28 വർഷം നീണ്ട അർജന്റീനയുടെ കിരീട വരൾച്ചയ്ക്ക് അറുതി വരുത്തിയ നായകൻ എന്ന വിശേഷണമാണ് ഇപ്പോൾ ലയണൽ മെസ്സിക്ക് ലോകമെമ്ബാടുമുള്ള ആരാധകർ ചാർത്തി നൽകുന്നത്. കിരീടങ്ങളാൽ സമ്ബന്നമായ കരിയർ എന്നും വിമർശനങ്ങൾ ഏറ്റു വാങ്ങിയത് ഒറ്റക്കാരണത്താലായിരുന്നു. ‘ക്ലബ്ബിന് വേണ്ടി കിരീടങ്ങൾ നേടുമ്ബോഴും രാജ്യത്തിനായി കിരീടം നേടാനാകുന്നില്ല.’ ഒടുവിൽ ഫുട്‌ബോൾ ദൈവങ്ങൾ മെസ്സിക്ക് മുന്നിൽ കണ്ണു തുറന്നിരിക്കുന്നു. കിരീട നേട്ടം കളിച്ച ആറാമത്തെ കോപ്പയിൽ ആയതിനാൽ ‘ആറാം തമ്ബുരാൻ’ എന്നാണ് മലയാളി ആരാധകർ നൽകുന്ന പുതിയ വിശേഷണം.

മുമ്ബ് നാലു തവണ അർജന്റീനക്ക് ഒപ്പം മേജർ ഫൈനലിൽ പങ്കെടുത്ത് പരാജയത്തിന്റെ വേദന അറിഞ്ഞ താരമാണ് മെസ്സി. 2007ലെ കോപ അമേരിക്ക ഫൈനൽ ആയിരുന്നു മെസ്സിയുടെ ആദ്യത്തെ ഫൈനൽ. അന്ന് ബ്രസീലിനോട് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് അർജന്റീന പരാജയപ്പെട്ടു. 2014ലെ വേദനിപ്പിക്കുന്ന ലോകകപ്പ് ഫൈനൽ ആയിരുന്നു രണ്ടാമത്തെ ഫൈനൽ. അന്ന് അവസാന നിമിഷത്തിൽ ഗോട്‌സെയുടെ ഏക ഗോൾ മെസ്സിയിൽ നിന്നും അർജന്റീനയ്ക്ക് കിരീടം നഷ്ടമായി. പിന്നീട് 2015ലും 2016ലും ചിലിക്കു മുന്നിൽ കോപ അമേരിക്ക ഫൈനലുകളിലും മെസ്സിയും സംഘവും പരാജയപ്പെട്ടു. 2016ലെ കോപ്പ ഫൈനൽ തോൽവിയേക്കാൾ ഏറെ ആരാധകരെ നൊമ്ബരപ്പെടുത്തിയത് മെസിയുടെ വിരമിക്കൽ പ്രഖ്യാപനമായിരുന്നു.

ഈ നാലു ഫൈനലിലും മെസ്സി ഒരു ഗോൾ പോലും നേടിയിരുന്നില്ല. ഇന്നും മെസ്സി ഗോൾ നേടിയില്ല എങ്കിലും ഈ കിരീടം മെസ്സി മുന്നിൽ നിന്ന് നയിച്ചു നേടിയത് തന്നെയാണ്. തങ്ങളുടെ പ്രിയ ക്യാപ്റ്റന് കിരീടം നേടിക്കൊടുക്കാൻ ഉറച്ച്‌ തന്നെയാണ് അർജന്റീന താരങ്ങളും ഇന്നിറങ്ങിയത്. ആതിഥേയരായ ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് അർജന്റീന തകർത്തത്. അർജന്റീനയ്ക്കായി സീനിയർ താരം എയ്ഞ്ചൽ ഡീ മരിയയാണ് ഗോൾ സ്‌കോർ ചെയ്തത്.

Article Categories:
Latest News · Sports

Leave a Reply

Your email address will not be published. Required fields are marked *