സംസ്ഥാനത്ത് കൊറോണ ബാധിച്ച്‌ മരിച്ചവരുടെ പേരും വിവരങ്ങളും പ്രസിദ്ധീകരിക്കും

July 2, 2021
360
Views

തിരുവനന്തപുരം: കൊറോണ ബാധിച്ച് മരിച്ചവരുടെ പേരുകൾ പ്രസിദ്ധീകരിക്കുന്നത് പുനസ്ഥാപിക്കാൻ സർക്കാരിന്റെ തീരുമാനം. നാളെ മുതൽ പ്രതിദിന കൊറോണ വിവര പട്ടികയിൽ പേരുകൾ വീണ്ടും ഉൾപ്പെടുത്തും. പേരും വയസും സ്ഥലവും നാളെ മുതൽ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. 2020 ഡിസംബറിലാണ് സർക്കാർ പേരുകൾ പുറത്തു വിടുന്നത് നിർത്തിയത്. മരണ പട്ടിക വിവാദമായതോടെയാണ് സർക്കാർ പേരുകൾ നൽകുന്നത് നിർത്തിയത്.

കൊറോണ മരണ കണക്കിനെച്ചൊല്ലി സർക്കാരും പ്രതിപക്ഷവും ഏറ്റുമുട്ടുന്നതിനിടെയാണ് തീരുമാനം എന്നത് ശ്രദ്ധേയമാണ്. പട്ടിക പുനപ്രസിദ്ധീകരിക്കാൻ സർക്കാർ തയാറായില്ലെങ്കിൽ പ്രതിപക്ഷം കണക്കുകൾ ശേഖരിച്ച് പട്ടിക പുറത്തുവിടുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. അർഹരായവരെപ്പോലും പുറത്താക്കിയ സംസ്ഥാനത്തിന്റെ കൊറോണ മരണ പട്ടികക്കെതിരെ ആക്ഷേപം ശക്തമാകുമ്പോഴും സമഗ്രമായ പുനപരിശോധനയ്ക്കില്ലെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ. പട്ടികയിൽ നിന്ന് പുറത്തായ മരണങ്ങളെക്കുറിച്ച് ഒറ്റപ്പെട്ട പരാതികളുയർന്നാൽ പരിശോധിക്കാമെന്നാണ് ആരോഗ്യമന്ത്രി വീണാജോർജ്ജ് ഇന്നുമാവർത്തിച്ചത്. കുടുംബങ്ങളുടെ സ്വകാര്യത പരിഗണിച്ച ശേഷം മരിച്ചവരുടെ പേരുകൾ പ്രസിദ്ധീകരിക്കാമെന്നും ആരോഗ്യമന്ത്രി പറഞ്ഞിരുന്നു.

കൊറോണ ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് നീതി ഉറപ്പാക്കും വരെ പ്രതിപക്ഷം ആവശ്യവുമായി മുന്നോട്ടുപോകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു. സുപ്രിംകോടതി നിർദേശത്തിന്റെ പശ്ചാത്തലത്തിൽ ഒന്നാം തരംഗത്തിലെയും രണ്ടാംതരംഗത്തിലെയും മുഴുവൻ മരണവും സമഗ്ര പരിശോധന നടത്തി പുതിയ പട്ടിക പ്രസിദ്ധീകരിക്കണമെന്നാണ് പ്രതിപക്ഷം അടക്കം ഉയർത്തിയ ആവശ്യം.

എല്ലാം കേന്ദ്ര മാർഗനിർദേശമനുസരിച്ചാണെന്നും ഇതുവരെ വ്യാപക പരാതികളുണ്ടായിട്ടില്ലെന്നുമാണ് സർക്കാരിന്റെ വിശദീകരണം. കേന്ദ്ര മാർഗനിർദേശത്തിൽ പോരായ്മകളുണ്ടെന്ന നിലപാടും നിലവിൽ സർക്കാരിനില്ല. നഷ്ടപരിഹാരം നൽകുന്നതിൽ കേന്ദ്ര മാർഗനിർദേശത്തിനായി കാത്തിരിക്കുകയാണെന്നും സർക്കാർ പറയുന്നു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *