കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ വ്യാജ കൊവിഡ് വാക്‌സിന്‍ കുത്തിവച്ചു. 250 ഓളം പേര്‍ക്കാണ് കൊവിഷീല്‍ഡെന്ന പേരില്‍ വ്യാജ വാക്‌സിന്‍ കുത്തിവച്ചത്. വാക്‌സിനേഷന്‍ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ എത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മിമി ചക്രബര്‍ത്തിയും വാക്‌സിന്‍ സ്വീകരിച്ചിരുന്നു. ഇവര്‍ അവശനിലയിലാണിപ്പോള്‍.
എന്നാല്‍ നലുദിവസം മുന്‍പ് എടുത്ത വ്യാജ വാക്‌സിനുമായി ബന്ധപ്പെട്ടാണോ ഇവര്‍ക്ക് അസുഖം വന്നതെന്ന് പറയാറായിട്ടില്ലെന്ന് ഡോക്ടര്‍ വ്യക്തമാക്കി. കൊല്‍ക്കത്തയില്‍ നടന്ന വാക്‌സിനേഷന്‍ ക്യാംപില്‍ വച്ചാണ് മിമി ചക്രബര്‍ത്തിക്ക് വ്യാജ വാക്‌സിന്‍ നല്‍കിയത്.
ശനിയാഴ്ച രാവിലെയോടെ അവശനിലയിലാവുകയായിരുന്നു. കരള്‍ സംബന്ധമായ പ്രശ്‌നങ്ങളുള്ള എം.പിക്ക് നിര്‍ജ്ജലീകരണം, വയറുവേദന എന്നിവ അനുഭവപ്പെടുകയായിരുന്നു. രക്തസമ്മര്‍ദവും കുറഞ്ഞു. എംപിയുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്ന് ഡോക്ടര്‍ വ്യക്തമാക്കി. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ് മിമി.
വാക്‌സിനേഷന്‍ ചുമതല വഹിക്കുന്ന ഐ.എ.എസ് ഓഫിസര്‍ ആണെന്ന് പറഞ്ഞ് ക്യാംപിന് മേല്‍നോട്ടം വഹിച്ച ഒരാളെ പൊലിസ് അറസ്റ്റ് ചെയ്തു. കൊല്‍ക്കത്ത മുനിസിപ്പാലിറ്റി സംഘടിപ്പിച്ച ക്യാംപാണ് ഇതെന്നാണ് അറസ്റ്റിലായ ദേബാഞ്ചന്‍ ദേബ് അറിയിച്ചതെന്ന് മിമി ചക്രബര്‍ത്തി പറഞ്ഞു. വാക്‌സിന്‍ സ്വീകരിച്ചശേഷം ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും ലഭിക്കാതിരുന്നതോടെയാണ് മിമി ചക്രബര്‍ത്തി പൊലിസില്‍ പരാതി നല്‍കിയത്.
കൊവിന്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഓരാളോടും ആധാര്‍ കാര്‍ഡ് വിവരങ്ങളൊന്നും തേടിയില്ലെന്നും എം.പി പറഞ്ഞു. ക്യാംപില്‍ കുത്തിവയ്പ്പിന് ഉപയോഗിച്ച വാക്‌സിന്‍ പൊലിസ് വിദഗ്ധ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.