കേരളത്തിൽ കൊറോണ ഡെൽറ്റ വകഭേദത്തിന്റെ പുതിയ ഉപവകഭേദം കൂടുന്നു

September 2, 2021
141
Views

ന്യൂ ഡെൽഹി: രാജ്യത്ത് രണ്ടാം കൊറോണ വ്യാപനം രൂക്ഷമാവാൻ കാരണമായ ഡെൽറ്റ വകഭേദത്തിന്റെ പുതിയ ഉപവകഭേദം കേരളത്തിൽ കൂടിവരുന്നതായി കണ്ടെത്തി. ജൂലായ്, ഓഗസ്റ്റ് മാസങ്ങളിൽ സംസ്ഥാനത്തെ അഞ്ചുജില്ലയിലാണ് ഡെൽറ്റയുടെ ഉപവകഭേദമായ എ.വൈ. 1 കണ്ടെത്തിയത്. ഇത് ആനുപാതികമായി ഏറ്റവും കൂടുതലുള്ളതും കേരളത്തിലാണ്.

അതേസമയം, ഇപ്പോഴുള്ള ഡെൽറ്റയെക്കാൾ (ബി.1.617.2) അപകടകാരിയാണോ എ.വൈ. 1 എന്ന് വ്യക്തമായിട്ടില്ല.
ഓഗസ്റ്റിൽ പരിശോധിച്ച 909 സാംപിളുകളിൽ 424 എണ്ണത്തിലും ഡെൽറ്റയുടെ പുതിയ ഉപവകഭേദങ്ങളുടെ (എ.വൈ. 1 മുതൽ എ.വൈ. 25 വരെ) സാന്നിധ്യമുണ്ട്. എന്നാൽ, എ.വൈ. 1 ഒഴികെയുള്ളവയുടെ കൃത്യത സ്ഥിരീകരിച്ചിട്ടില്ല.

സംസ്ഥാനത്ത് ഓഗസ്റ്റിൽ എ.വൈ.1 മാത്രം ആറുശതമാനത്തിലേറെയായി. സി.എസ്.ഐ.ആറിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജിയുടെ (ഐ.ജി.ഐ.ബി.) പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്.
എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് എ.വൈ. 1 കണ്ടെത്തിയത്. സംസ്ഥാനത്ത് ജൂണിൽ ഏതാണ്ട് അരശതമാനവും ജൂലായിൽ ഒരു ശതമാനവുമായിരുന്ന എ.വൈ. 1 വകഭേദത്തിന്റെ സാന്നിധ്യം ഓഗസ്റ്റിൽ ആറുശതമാനമായി.

അഞ്ചുശതമാനത്തിലേറെ എ.വൈ. 1 കണ്ടെത്തിയത് കേരളത്തിൽമാത്രമാണെന്ന് പഠനസംഘത്തിലെ ഡോ. വിനോദ് സ്കറിയ പറഞ്ഞു. കേരളം കഴിഞ്ഞാൽ ആനുപാതികമായി മഹാരാഷ്ട്രയിലാണ് ഇത് കൂടുതലുള്ളത്.

വാക്സിൻ എടുത്തതുകൊണ്ടുള്ള പ്രതിരോധശേഷിയെ എ.വൈ. 1 കൂടുതലായി മറികടക്കുന്നില്ലെന്ന് യു.കെ.യിൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. കേരളത്തിൽ ബ്രേക്ക്ത്രൂ ഇൻഫെക്ഷന്റെ (രണ്ട് വാക്സിനുമെടുത്തവർക്ക് കൊറോണ വരുന്നത്) 155 സാംപിളുകൾ പരിശോധിച്ചതിൽ ഒരെണ്ണത്തിൽ എ.വൈ. 1 കണ്ടെത്തി.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *