തിരുവനന്തപുരം: സംഗീത നാടക അക്കാദമിയുടെ ചെയര്‍മാനായി ഗായകന് എംജി ശ്രീകുമാറിനെ നിയമിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സിപിഎം പിന്മാറിയേക്കും. സിപിഎം തീരുമാനത്തില്‍ വിവാദം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അത്തരമൊരു ആലോചന നടക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിലാണ് സംവിധായകന് രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമിയുടെയും, എംജി ശ്രീകുമാറിനെ സംഗീത നാടക അക്കാദമിയുടെയും ചെയര്മാന്മാരാക്കാന് ധാരണയായത്.
ഇതില്‍ എംജിയുടെ നിയമനം വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ശ്രീകുമാര്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും വീഡോയകളും സോഷ്യല്‍ മീഡിയ ഇടതുപക്ഷ അനുഭാവികള്‍ അടക്കമുള്ളവര്‍ പങ്കുവെച്ചിരുന്നു. സര്‍ക്കാര്‍ ഈ വിഷയത്തില്‍ സമ്മര്‍ദത്തിലാവുകയും ചെയ്തിരുന്നു.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന വി മുരളീധരനൊപ്പം വേദി പങ്കിട്ട് എംജി ശ്രീകുമാര്‍ പ്രസംഗിക്കുന്നതിന്റെ വീഡിയോയാണ് വ്യാപകമായി പ്രചരിച്ചത്. ശ്രീകുമാര്‍ ബിജെപി അനുഭാവി ആണെന്ന ആരോപണം ഉയരുകയും ചെയ്തു. അതേസമയം ശ്രീകുമാറിന്റെ നിയമനത്തിനെതിരെ നാടക കലാകാരന്മാരുടെ സംഘടനയും എതിര്‍പ്പ് അറിയിച്ചു. നാടകവുമായി ബന്ധപ്പെട്ട ഒരു സംഘടനയില്‍ അതുമായി യാതൊരു ബന്ധവുമില്ലാത്ത എംജിയെ നിയമിച്ചതിലും വിമര്‍ശനം ഉയര്‍ന്നിരുന്നു. സിനിമാ മേഖലയില്‍ നിന്ന് അടക്കം ഇക്കാര്യം ചിലര്‍ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒന്നും പ്രതികരിച്ചിരുന്നില്ല
കഴക്കൂട്ടത്ത് താമര വിരിയന്‍ ആഗ്രഹിച്ച ഗായകനെ തന്നെ ചെയര്‍മാനാക്കാന്‍ തീരുമാനിച്ചത് ശരിയാണോ എന്നാണ് ഇടത് കൂട്ടായ്മകളില്‍ ചര്‍ച്ച നടന്നത്. പാര്‍ട്ടി അച്ചടക്കമുള്ളതിനാല്‍ സ്വകാര്യ വാട്സാപ്പ് ഗ്രൂപ്പുകളിലായിരുന്നു ചര്‍ച്ചകള്‍ നടന്നത്. തീരുമാനങ്ങളിലെ വിവരക്കേടുകള്‍ തിരുത്തുന്നതാവും നല്ലതെന്നായിരുന്നു വിമര്‍ശകര്‍ പറഞ്ഞത്. അതേസമയം വിവാദത്തെ കുറിച്ച് ചോദിച്ചപ്പോള്‍, സര്‍ക്കാര്‍ ആരെയും ചെയര്‍മാനായി നിയമിച്ചിട്ടില്ലെന്നായിരുന്നു സാംസ്കാരിക വകുപ്പിന്റെ മറുപടി. സ്വാഭാവിക വിമര്‍ശനത്തിന് അപ്പുറം ഇടത് അനുഭാവികള്‍ കൂടി വിമര്‍ശനവുമായി വന്നത് സിപിഎമ്മിനെ സമ്മര്‍ദത്തിലാക്കിയിരുന്നു.
പാര്‍ട്ടി അനുഭാവികളുടെ കൂടി വിമര്‍ശനം പരിശോധിച്ചാണ് ഇപ്പോള്‍ തീരുമാനം മാറ്റാനുള്ള ചര്‍ച്ചകള്‍ നടക്കുന്നത്. നിര്‍ദേശം ചര്‍ച്ച ചെയ്യുക മാത്രമാണ് ചെയ്തതെന്നും തീരുമാനം എടുത്തില്ലെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. അതേസമയം സംവിധായകന് രഞ്ജിത്തിന്റെ കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ പ്രശ്നങ്ങളില്ല. നിയസഭാ തിരഞ്ഞെടുപ്പ് കാലത്ത് എല്‍ഡിഎഫ് പരസ്യ പിന്തുണ നല്കിയ വ്യക്തിയായിരുന്നു അദ്ദേഹം. അതേസമയം ഇപ്പോള്‍ ഉണ്ടായിരിക്കുന്ന വിവാദങ്ങളെ സംബന്ധിച്ച് എനിക്ക് ആകെയുള്ളത് കേട്ടുകേള്‍വി മാത്രമാണെന്ന് എംജി ശ്രീകുമാര്‍ പറയുന്നു. ഇങ്ങനെയൊരു തീരുമാനം സിപിഎം എടുത്തതായി ഒരാളും എന്നെ അറിയിച്ചിട്ടില്ലെന്നും എംജി പറഞ്ഞു.
സിപിഎമ്മിലെ അധികം പേരെ എനിക്കറിയില്ല. മുഖ്യമന്ത്രി അടക്കം പാര്‍ട്ടിയിലെ കുറച്ച് നേതാക്കളെ മാത്രമേ എനിക്ക് പരിചയമുള്ളൂ. വകുപ്പ് മന്ത്രി സജി ചെറിയാനെ പോലും പരിചയമില്ല. കേട്ടുകേള്‍വി വെച്ച് ഒന്നും പറയാനില്ല. കലാകാരന്റെ രാഷ്ട്രീയമാണോ പ്രശ്നം. രാഷ്ട്രീയം നോക്കിയല്ല സിനിമയടക്കം ഒരു കലാരൂപവും ആളുകള്‍ കാണാന്‍ പോകുന്നത്. കല ആസ്വദിക്കാനുള്ളതാണ്. സംഗീത നാടക അക്കാദമിക്ക് രാഷ്ട്രീയ പ്രതിച്ഛായ കൊടുക്കേണ്ട കാര്യമില്ലെന്നും എംജി ശ്രീകുമാര്‍ വ്യക്തമാക്കി.
നിയമസഭാ തിരഞ്ഞെടുപ്പില്‍ അടക്കം ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രചാരണം നടത്തുകയും, ബിജെപി വേദികളില്‍ പല വട്ടം പ്രത്യക്ഷപ്പെടുകയും ചെയ്ത എംജി ശ്രീകുമാറിനെ ചെയര്മാന് സ്ഥാനത്തേക്ക് സിപിഎം തിരഞ്ഞെടുക്കരുതായിരുന്നുവെന്നും വിമര്‍ശിച്ചവരുണ്ടായിരുന്നു. ശാരദക്കുട്ടിയും ജിയോ ബേബിയും വിടി ബല്‍റാമും അടക്കമുള്ളവര്‍ ഈ തീരുമാനത്തിനെതിരെ രംഗത്ത് വന്നിരുന്നു.